വ്യാജ വിദേശ സിഗരറ്റ് വേട്ട; പിടികൂടിയത് അന്‍പതിനായിരത്തിലധികം പാക്കറ്റ് വ്യാജ സിഗരറ്റ്

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ വ്യജ വിദേശ സിഗരറ്റ് വേട്ട. അനധികൃതമായി സൂക്ഷിച്ചിരുന്ന അന്‍പതിനായിരത്തിലധികം പാക്കറ്റ് വ്യാജ സിഗരറ്റ് എക്സൈസ് സംഘം പിടികൂടി. കൊച്ചി നഗരത്തില്‍ വിദേശ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച്‌ വന്‍ തോതില്‍ വ്യാജ സിഗരറ്റ് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ മറൈന്‍ ഡ്രൈവിന് സമീപത്തെ ഒരു കടയില്‍ നിന്നും വ്യാജ വിദേശ സിഗരറ്റ് പിടികൂടി.

കടയുടമയെ ചോദ്യം ചെയ്തപ്പോള്‍ തേവര ജംഗ്ഷനിലുള്ള മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് സിഗരറ്റ് ലഭിക്കുന്നതെന്ന് മൊഴി നല്‍കി. തുടര്‍ന്ന് എക്സൈസ് സംഘം തേവര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ബോംബെ ബോംബെ സ്റ്റോര്‍ എന്ന കടയില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സിഗരറ്റിന്‍റെ വന്‍ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി അയൂബിന്‍റേതാണ് കട. തുടര്‍ന്ന് ഇവരുടെ ഗോഡൗണിലും വീടുകളിലും നടത്തിയ റെയ്‍ഡില്‍ സിഗരറ്റിന് പുറമെ സിഗരറ്റ് പേപ്പര്‍, ഹുക്കയിലു മറ്റും ഉപയോഗിക്കുന്ന വിവിധ തരം പുകയില, പുകയിലയില്‍ ചേര്‍ക്കുന്നതിനുള്ള സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ പിടികൂടി. സാധാരണ സിഗരറ്റിനെക്കാള്‍ നിക്കോട്ടിന്‍റെ അളവ് വ്യാജ സിഗരറ്റുകളില്‍ കൂടുതലാണ്. കടയുടമയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.