കെണിയില്‍പെട്ട് കാല്‍പാദം നഷ്ടപ്പെട്ടു; കടുവയ്ക്ക് കൃത്രിമപാദം നല്‍കാനൊരുങ്ങുന്നു

മുംബൈ: വേട്ടക്കാര്‍ ഒരുക്കിയ ഉരുക്കിന്റെ കെണിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കാല്‍ പാദം മുറിഞ്ഞുപോയ കടുവയ്ക്ക് കൃത്രിമപാദം നല്‍കാനൊരുങ്ങി ഡോക്ടര്‍മാര്‍. ലോകത്തില്‍ ആദ്യമായിട്ടാണ് മൃ​ഗങ്ങളില്‍ കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്നതെന്ന് കടുവയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ഓര്‍ത്തോപെഡിക് സര്‍ജന്‍ ശുശ്രൂത് ബാബുല്‍ക്കര്‍, വെറ്ററിനറി ഡോക്ടര്‍ ശിരീഷ് ഉപാധ്യായ, മഹാരാഷ്ട്ര അനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് യൂണിവേഴ്സിറ്റി എന്നിവയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ കൂടാതെ ഐഐടി-ബോംബെയിലെ വിദഗ്ധര്‍ എന്നിവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പദ്ധതിയില്‍ സഹകരിച്ചു വരികയാണ്.

2012 ലാണ് എട്ടുവയസ്സുള്ള സാഹേബ്രാവോ എന്ന കടുവയ്ക്ക് കെണിയിലകപ്പെട്ട് അപകടം സംഭവിക്കുന്നത്. 
കാല്‍പാദം ഇല്ലാത്തത് കൊണ്ട് മുടന്തിയാണ് ന‍ടന്നിരുന്നത്. "2018 ല്‍ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍, സാഹേബ്രാവു വളരെ വലുതായിരുന്നു, പക്ഷേ നടക്കാന്‍ കഴിയുമായിരുന്നില്ല. വേദനകൊണ്ട് ഇടയ്ക്കിടെ മുരണ്ടുകൊണ്ടിരുന്നു. പ്രോസ്റ്റെറ്റിക് അവയവങ്ങള്‍ ഘടിപ്പിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ഞങ്ങള്‍ എക്സ്-റേ, അളക്കല്‍ തുടങ്ങിയവ ചെയ്തിട്ടുണ്ട്. രണ്ട് മൂന്ന് മാസം മുമ്ബ്, കടുവയ്ക്ക് വേദന നല്‍കുന്ന ഒരു ഞരമ്ബിലാണ് ഞങ്ങള്‍ ശസ്ത്രക്രിയ നടത്തിയത്.'' ഡോക്ടര്‍ ബാബുല്‍ക്കര്‍ പി.ടി.ഐയോട് പറഞ്ഞു. ദീ​ര്‍ഘനാളായിട്ടുള്ള മുറിവായതിനാല്‍ സുഖപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയാണ് കൃത്രിമ പാദം ഘടിപ്പിക്കുന്നതിന്റെ അവസാന പ്രക്രിയ നടപ്പിലാക്കുന്നത്. ''അന്താരാഷ്ട്രതലത്തിലുള്ള മെഡിക്കല്‍ വിദ​ഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പ്രോസ്റ്റെറ്റിക് അവയവം ഞങ്ങള്‍ ഘടിപ്പിക്കും. വെറ്ററിനറി സര്‍ജന്‍ ശിരീഷ് ഉപാധ്യായ ഓപ്പറേഷന് ചുക്കാന്‍ പിടിക്കും," അദ്ദേഹം പറഞ്ഞു. "ലോകത്തെവിടെയും ഇതുപോലൊന്ന് സംഭവിക്കുന്നത് കേട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരം മുന്നേറ്റം." ഡോക്ടര്‍ ബാബുല്‍ക്കര്‍ അവകാശപ്പെട്ടു.