പ്ലാസ്റ്റിക്കില്‍ പിടിമുറുക്കുന്നു; ഉപഭോക്താവ് പിഴയടയ്ക്കേണ്ട

തിരുവനന്തപുരം: പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചതോെട, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തില്‍ കേരളം കര്‍ശന നടപടിയിലേക്ക്. വരുംദിവസങ്ങളില്‍ പിഴ ഈടാക്കിത്തുടങ്ങും. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കില്ല. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണു നിരോധനം.

പിഴ ഈടാക്കുന്നതും ഈ കുറ്റങ്ങള്‍ക്കാണ്. ഇതുവഴി പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയാണു ലക്ഷ്യം. 15 ദിവസം പിഴയീടാക്കരുതെന്ന് ഹൈക്കോടതി നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്കു നീങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം. നിരോധനം നടപ്പാക്കുന്നതിലെ അവ്യക്തത പൂര്‍ണമായി മാറ്റി വിശദ മാര്‍ഗനിര്‍ദേശം വീണ്ടും ഇറക്കുമെന്ന് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലുള്ള നടപടിയടക്കമുള്ള കാര്യങ്ങളിലാണ് വിവിധ വകുപ്പുകള്‍ വ്യക്തത തേടുന്നത്.

ഇക്കാര്യങ്ങള്‍ രണ്ട് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ദൗത്യസംഘം പരിശോധിച്ച്‌ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായിട്ടില്ലെങ്കിലും ഉത്പാദനവും വിതരണവും സംഭരണവും വില്‍പ്പനയും തടയാന്‍ തന്നെയാണു തീരുമാനം. എന്നാല്‍, നിരോധിക്കുന്നവയ്ക്ക് പൂര്‍ണബദല്‍ ഇപ്പോഴുമായിട്ടില്ലെന്നതാണ് പ്രതിസന്ധി. പിഴയീടാക്കും മുമ്ബ്‌ ബോധവത്കരണവും നടത്തും.

സ്റ്റോക്ക് നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി

ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉദ്യോഗസ്ഥര്‍ നേരിട്ടു പരിശോധിക്കണമെന്ന് ഹൈക്കോടതി. പരിശോധനത്തീയതി ഉദ്യോഗസ്ഥര്‍ കടയുടമകളെ അറിയിക്കണം.

നിര്‍ദിഷ്ട തീയതിക്കു മുന്പുള്ള സ്റ്റോക്കാണെന്നു ബോധ്യപ്പെട്ടാല്‍ അവ സംസ്കരിക്കാന്‍ പദ്ധതി തയ്യാറാക്കാനും ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദേശിച്ചു. ഓള്‍ കേരള പ്ലാസ്റ്റിക് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്.എം. മുസ്തഫ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണിത്. നിരോധിത ഉത്പന്നങ്ങള്‍ സ്റ്റോക്കില്‍ സൂക്ഷിക്കുന്നുവെന്നപേരില്‍ ഹര്‍ജിക്കാരുടെ പേരില്‍ നടപടിയെടുക്കുന്നത് കഴിഞ്ഞദിവസം കോടതി സോപാധികം വിലക്കിയിരുന്നു.

പിഴ 50,000 രൂപ വരെ

പിഴയീടാക്കുന്നത്, നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക്

ആദ്യ പിഴ10,000 രൂപ

വീണ്ടും ലംഘിച്ചാല്‍25,000 രൂപ

മൂന്നാംവട്ടവും ആവര്‍ത്തിച്ചാല്‍50,000 രൂപ. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും

പിഴ ചുമത്തുന്നത്

സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍
മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍
തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍