പയ്യന്നൂരില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ തങ്കയം സ്വദേശി ഇസ്മായിലിനാണ് (54) തലയ്ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 6.15-ഓടെ പഴയ ബസ് സ്റ്റാന്‍ഡിലേക്കുള്ള മെയിന്‍ റോഡിന് സമീപത്തെ പഴയ കെട്ടിടമായ ടി.പി.സ്റ്റോറിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. ആദ്യം സ്ഥാപനത്തിന്റെ ബോര്‍ഡും തൊട്ടുപിന്നാലെ സണ്‍ഷെയ്ഡും നിലംപൊത്തുകയായിരുന്നു. ഇതുവഴി നടന്നുപോകുമ്ബോഴാണ് ഇസ്മായിലിന്റെ തലയിലേക്ക് സണ്‍ഷെയ്ഡ് അടര്‍ന്നുവീണത്. സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ കടന്നുപോകുന്ന വഴിയിലാണിത്. ഇതിനിടയിലാണ് ഇസ്മായിലിന് പരിക്കേറ്റത്.
ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന കെട്ടിടത്തിനെതിരേ നാട്ടുകാരില്‍നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. പയ്യന്നൂര്‍ അഗ്നിരക്ഷാസേനയാണ് തുരുമ്ബിച്ച കമ്ബികളില്‍ അടര്‍ന്നുതൂങ്ങിനിന്നിരുന്ന അവശേഷിച്ച കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ നീക്കംചെയ്തത്.
റോഡ് വികസനത്തിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്ബ് വീതികൂട്ടലും ഓവുചാല്‍ നിര്‍മാണവും നടന്നപ്പോള്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഭാഗം പൊളിച്ചുനീക്കാന്‍ ഈ സ്ഥാപനത്തിന്റെ ഉടമയ്ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട ഉടമ ഇതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.
0 Comments