കൊറോണ വൈറസ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വ്യാപിക്കുന്നതായി സൂചന. വുഹാനില്‍നിന്നെത്തിയ അന്‍പതുകാരി ബെയ്ജിങ്ങില്‍ മരിച്ചു. ഇതോടെ ചൈനയില്‍ മരണം 106 ആയി. 4000പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. വൈറസ് നിയന്ത്രിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ തുടരുകയാണ്. 1300 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലടക്കം 20 നഗരങ്ങളില്‍ ഗതാഗത നിയന്ത്രണം തുടരുന്നു. ആറുകോടിയിലധികം പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് പടരുകയാണ്. ഏറ്റവും ഒടുവില്‍ ജര്‍മനിയനിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യു.എസും ഫ്രാന്‍സുമടക്കം 12 രാജ്യങ്ങളിലും വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ, ഇന്ത്യയില്‍ കര്‍ശന പരിശോധനകൾ തുടരുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രത്യേക ചെക്പോസ്റ്റ് തുറക്കും. കേരളത്തില്‍ 441 പേര്‍ നിരീക്ഷണത്തിലാണ്.