ലഖ്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 48 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ 20ന് ബിജിനോറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന പേരില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
ബിജിനോറിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജനക്കൂട്ടം പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്തു എന്നാണ് എഫ്.ഐ.ആറില്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നത്. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 83 പേരെയാണ് അറസ്റ്റു ചെയ്തിരുന്നത്.
അറസ്റ്റിലായ 48 പേര്‍ നല്‍കിയ ജാമ്യ ഹരജി പരിഗണിച്ച കോടതി പ്രതിഷേധക്കാര്‍ പൊലീസിനു നേരെ വെടിവെച്ചതിന് തെളിവില്ലെന്ന് വ്യക്തമാക്കി. കോടതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ഉപയോഗിച്ച ആയുധമോ മറ്റ് തെളിവുകളോ ഹാജരാക്കാന്‍ പൊലീസിനോ സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകനോ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
കടകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 13 പൊലീസുകാര്‍ക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ചികിത്സ രേഖകളില്‍ പൊലീസുകാര്‍ക്ക് സാരമായ പരിക്ക് മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.
കോടതി പൊലീസിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിച്ച 48 പേര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
0 Comments