പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓർമ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. സുഹൃത്തുക്കളെല്ലാം പാപ്പനംകോട് എൻജിനീയറിങ് കോളജിലെ 2000–2004 ബാച്ചിൽപ്പെട്ടവർ. സൗഹൃദത്തിന്റെ 20 വർഷങ്ങൾ ആഘോഷിക്കാൻ അടുത്ത വർഷം റീ യൂണിയനും പദ്ധതിയിട്ടിരുന്നു. അപകടത്തിൽ മരിച്ച പ്രവീണാണ് റീയൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

നേപ്പാളിലെ ഹോട്ടൽ മുറിയിലെ ഹീറ്റർ തകരാറിലായി മുറിയിൽ നിറഞ്ഞ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിൽ രോഹിണി ഭവനിലെ പ്രവീണിന്റെയും കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറിന്റെയും കുടുംബങ്ങൾ അപകടത്തിൽപ്പെട്ടത്. രഞ്ജിത്തിന്റെ മകൻ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നാലു സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

എൻജിനീയറിങ് കോളജിലെ ബാച്ചിലുണ്ടായിരുന്ന 56 പേരും പഠനത്തിനുശേഷവും അടുത്ത സൗഹൃദം പുലർ‌ത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള ഇവരെല്ലാം ഇടയ്ക്കിടെ ഒത്തുചേരാറുണ്ടായിരുന്നു. കുടുംബവുമായി യാത്രകളും പതിവായിരുന്നു. വാട്സാപ്പ് വഴിയും ഫോൺ കോളുകളിലൂടെയും സൗഹൃദം നിലനിർത്തി. ഇത്രയും ദൂരേക്ക് യാത്ര പോകുന്നത് ആദ്യമാണെന്ന് സുഹൃത്തുക്കൾ പറയുന്നു. നേപ്പാളിലാണെന്നും വെള്ളിയാഴ്ച തിരിച്ചു വരുമെന്നുമാണ് പ്രവീൺ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

സഹപാഠിയും ഡാർജിലിങിൽ എഫ്സിഐയിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണ് സംഘം നേപ്പാളിലേക്ക് പോയത്. സംഘത്തിലുണ്ടായിരുന്നവർ വാട്സാപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കള്‍ അപകട വിവരം അറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്നവർ റോഡ് മാർഗം കഠ്മണ്ഡുവിൽ എത്തിച്ചേരുകയായിരുന്നു. അമ്പലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണ് നേപ്പാൾ യാത്രയിൽ ഒപ്പമുണ്ടായിരുന്നത്.

കടപ്പാട്- ഉല്ലാസ് ഇലങ്കത്ത്