നിര്‍ഭയ: വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ചട്ടം; മറ്റുപ്രതികളും ദയാഹര്‍ജി നല്‍കിയാല്‍ ഇനിയും വൈകും
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് (32) നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. വ്യാഴാഴ്ച രാത്രിയോടെ രാഷ്ട്രപതിക്ക് ലഭിച്ച ഹര്‍ജി മണിക്കൂറുകള്‍ക്കകം നിരസിക്കുകയായിരുന്നു. തുടര്‍ന്ന്, പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് നടപ്പാക്കാന്‍ ഡല്‍ഹി കോടതി പുതിയ മരണവാറന്റയച്ചു.
അതേസമയം,ഒരു കേസില്‍ ഒന്നിലേറെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ശിക്ഷ നടപ്പാക്കുന്നത് ഒരുമിച്ച് വേണമെന്നാണ് ജയില്‍ച്ചട്ടം. ഈ സാഹചര്യത്തില്‍ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ചാണ് തൂക്കിലേറ്റുക. പ്രതികളില്‍ ഒരാളുടെയെങ്കിലും ഏതെങ്കിലുമൊരു അപേക്ഷ തീര്‍പ്പാവാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടിവരും. അതിനിടെ, കുറ്റകൃത്യം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുകാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത (25) സുപ്രീംകോടതിയിലെത്തി. മുകേഷിന്റെ ദയാഹര്‍ജി വെള്ളിയാഴ്ച തള്ളിയതിനാലാണ് ജയില്‍ ചട്ടപ്രകാരം 14 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് ഫെബ്രുവരി ഒന്നിന് വധശിക്ഷാ തീയതി നിശ്ചയിച്ചത്. അതിനിടെ മറ്റേതെങ്കിലും പ്രതികള്‍ ദയാഹര്‍ജി നല്‍കിയാല്‍, അവയോരോന്നും തള്ളി 14 ദിവസം കഴിയുംവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടിവരും. അതിനാല്‍, ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനാകുമെന്ന് ഉറപ്പില്ല.
ദയാഹര്‍ജി നില്‍ക്കുന്നതിനാല്‍ കോടതിയുടെ നേരത്തേയുള്ള മരണവാറന്റ് പ്രകാരം ജനുവരി 22-ന് ശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയില്‍ അധികൃതര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ദയാഹര്‍ജി തള്ളിയശേഷവും ചുരുങ്ങിയത് 14 ദിവസത്തിനുശേഷമേ ശിക്ഷ നടപ്പാക്കാനാകൂവെന്നാണ് ജയില്‍ച്ചട്ടം. വീണ്ടുമെന്തെങ്കിലും നിയമസാധ്യതയുണ്ടെങ്കില്‍ പ്രതിക്ക് അതുപയോഗിക്കാനും കുടുംബകാര്യങ്ങള്‍ തീരുമാനിക്കാനുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ജയില്‍ച്ചട്ടത്തില്‍ ഈസമയം അനുവദിക്കുന്നത്.ശിക്ഷ ഒരുമിച്ച് നടപ്പാക്കാനായി തിഹാര്‍ ജയിലില്‍ നാല് തൂക്കുമരങ്ങളും ഒരുങ്ങിയിട്ടുണ്ട്. ഇവിടെ ഡമ്മി പരീക്ഷണവും നടത്തിക്കഴിഞ്ഞു.
മുകേഷിന് പിന്നാലെ മറ്റു പ്രതികളായ പവന്‍ ഗുപ്ത, വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരും ദയാഹര്‍ജിയോ മറ്റ് അപേക്ഷകളോ നല്‍കിയേക്കാം. അങ്ങനെവന്നാല്‍ അതിലെല്ലാം തീര്‍പ്പാവുന്നതുവരെ ശിക്ഷ നീട്ടിവെക്കണമെന്നാണ് ചട്ടം. സംഭവം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുകാട്ടി വിനയ് ശര്‍മ നല്‍കിയ ഹര്‍ജി ഡിസംബര്‍ 19-ന് ഹൈക്കോടതി തള്ളിയിരുന്നു. അഭിഭാഷകനായ എ.പി. സിങ്ങിന് കാല്‍ലക്ഷം രൂപ പിഴയും ചുമത്തി. പ്രായത്തിന്റെ വിഷയം പ്രതി സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയിലും ഉന്നയിച്ചതാണെന്നും അഭിഭാഷകന്‍ ഒളിച്ചുകളി നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പിഴശിക്ഷ. നടപടികള്‍ വൈകിപ്പിക്കാന്‍ മനപ്പൂര്‍വമാണ് ഇതെല്ലാം ചെയ്തതെന്നും അന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
0 Comments