വണ്ണാത്തിക്കടവ് പാലത്തിന് ശിലയിട്ടു
നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വണ്ണാത്തിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊള്ളും. വീഴ്ച വരുത്തുന്ന എഞ്ചിനീയര്‍മാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കണ്ണൂര്‍ ജില്ലയില്‍ തന്നെ കരാറുകാരുടെ വീഴ്ച കൊണ്ട് സമയ ബന്ധിതമായി പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ 464 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. അതില്‍ 100ലധികം പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. റോഡിലെവിടെയെങ്കിലും ചെറിയ അപാകം ഉണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പിനെയും സര്‍ക്കാരിനെയും ആക്ഷേപിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
8.49 കോടി രൂപയാണ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വണ്ണാത്തിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. മലയോരത്തേക്കുള്ള പ്രധാന റോഡായ പിലാത്തറ - മാതമംഗലം പാതയില്‍ 1963-ല്‍ നിര്‍മ്മിച്ച നിലവിലുള്ള പാലം വീതി കുറവായതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിന് പ്രയാസം നേരിടുകയാണ്. പുതിയ പാലം വേണമെന്ന ജനങ്ങളുടെ ഏറെ നാളുകളായിട്ടുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയതായി നിര്‍മ്മിക്കുന്ന പാലത്തിന് 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ടാകും. ഇതില്‍ 7.5 മീറ്റര്‍ റോഡും ഇരുഭാഗത്തുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും പിലാത്തറ ഭാഗത്ത് 315 മീറ്റര്‍ നീളത്തിലും മറുഭാഗത്ത് 50 മിറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മ്മിക്കും.
ടി വി രാജേഷ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ മനോമോഹനന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രാജേഷ് ചന്ദ്രന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ പങ്കെടുത്തു.
0 Comments