വിത്തുല്‍സവത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. വൈവിധ്യം നശിക്കുമ്പോളെല്ലാം അതിനെതിരെ പോരാടാനുള്ള കഴിവാണ് കേരളത്തെ മറ്റുള്ള ഇടങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് എന്ന് സിനിമാതാരം പ്രകാശ് രാജ്
കേളകംഃ വൈവിധ്യം നശിക്കുമ്പോളെല്ലാം അതിനെതിരെ പോരാടാനുള്ള കഴിവാണ് കേരളത്തെ മറ്റുള്ള ഇടങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് എന്ന് സിനിമാതാരം പ്രകാശ് രാജ്. തദ്ദേശീയമായ നന്മകള്‍ സംരക്ഷിക്കുന്നവരാണ് കേരളീയര്‍. ഇത്തരം നന്മകളാല്‍ സമ്പന്നമായ, സുഗന്ധമുള്ള, തനിമയുള്ള കേരളത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയര്‍ ട്രേയ്ഡ് അലയന്‍സ് കേരളയുടെ( എഫ് ടി എ കെ) നേതൃത്ലത്തില്‍ ആരംഭിച്ച വിത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശീയ വിത്തുകളെ കുറിച്ചും അന്യം നിന്നുപോകുന്ന ചില സംഗതികളെ കുറിച്ചുമൊക്കെ, അതും കേരളത്തില്‍നിന്നു സംസാരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ടാല്‍ തന്നെ കുറ്റം പറയരുതെന്നും അദ്ദേഹം തുടക്കത്തില്‍ സൂചിപ്പിച്ചു. വിപണിയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും വേലിയേറ്റത്തില്‍ വൈവിധ്യത്തെ മാനിക്കാന്‍ നാം മറന്നുപോയെന്നും അത് നമ്മുടെ രാഷ്ട്രീയത്തിലും ജീവിതത്തിലും വിദ്യാഭ്യാസത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ ഈ ഭൂമിയിലെ പരാന്നഭോജികളാണന്നും മനുഷ്യനില്ലാതെ ഇതിനെക്കാള്‍നന്നായി ഈ ഭൂമിക്കു നിലനില്‍ക്കാനാവുമെന്ന സത്യം മറന്നു പോകരുത് എന്നും ഒരു സജീവ കര്‍ഷകനായ അദ്ദേഹം ഓര്‍മിപ്പിച്ചു.
സിനിമാ താരം അനൂപ് ചന്ദ്രന്‍ അതിഥിയായിരുന്നു. വിത്തുകളെയും വൈവിധ്യത്തെയും കൃഷിയെയുമൊക്കെ കാത്തു സൂക്ഷിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്നും വൈവിധ്യത്തിനു ഭീഷണിയാകുന്ന എല്ലാത്തിനെതിരെയും പോരാടാന്‍ ഒന്നിക്കണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു
മലബാറിലെ നാലു ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ വിത്തുകളുമായി അണിനിരന്ന ഘോഷയാത്രയോടെയാണ് വിത്തുല്‍സവം ആരംഭിച്ചത്. കര്‍ഷര്‍ വിത്തു കള്‍ വിതച്ചിട്ട ഒന്നര ഏക്കര്‍ സ്ഥലത്താണ് വിത്തുല്‍സവം അരങ്ങേറുന്നത്. പ്രമുഖ അര്‍ടിസ്റ്റ് സി. എഫ് ജോണിന്റെ നേതൃത്വത്തില്‍ വിഷ്വല്‍ ആര്‍ടിസ്റ്റ് ടി. എം. അസീസ്, കവികളായ വി.ടി. ജയദേവന്‍, എന്‍.പി. പ്രതീഷ്, തിയേറ്റര്‍ ആര്‍ടിസ്റ്റ് ശിവദാസ് പൊയില്‍ക്കാവ് എന്നിവര്‍ ചേര്‍ന്ന് - നിങ്ങളുടെ മുറിവുകളിലേക്ക് വരട്ടെ, എനിക്കു സുഖപ്പെടണം - എന്ന ശീര്‍ഷകത്തില്‍ ഒരുക്കിയ ഇന്സറ്റലേഷനുകളും വേദിയെ സമ്പന്നമാക്കുന്നു.
ഏതാണ്ട് എഴുപതോളം സ്റ്റാളുകളിലായി നാടന്‍ വിത്തിനങ്ങളും നടീല്‍ വസ്തുക്കളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും തദ്ദേശീയ കന്നുകാലി ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജൈവ കര്‍ഷകരും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിന് എഫ് ടി എ കെ പ്രസിഡന്റ് എ.കെ. ജോണ്‍ അധ്യക്ഷനായിരുന്നു. മലയോരത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ മാടശ്ശേരി നാരായണനെ ചടങ്ങില്‍ ആദരിച്ചു. സണ്ണി ജോസഫ് എംഎല്‍എ ആശംസ പ്രസംഗം നടത്തി. എഫ് ടി എ കെ പ്രൊമോട്ടറായ ടോമി മാത്യു, കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി, ബ്ളോക് പഞ്ചായത്ത് അംഗം വര്‍ഗീസ് ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍,കേളകം പഞ്ചായത്ത് അംഗം ശാന്താ രാമചന്ദ്രന്‍, പ്രസ്ഫോറം പ്രസിഡന്റ് അബ്ദുല്‍ അസീസ്, സംഘാടക സമിതി ജനറല്‍കണ്‍വീനര്‍ തോമസ് കളപ്പുര, ഫാ. ജോയ് കൊച്ചുപാറ, സജി. പി. ജോസ്, സുനില്‍.പി. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. വി.ടി. മുരളിയും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
20 ാം തീയതി വരെ രാവിലെ 10 മുതല്‍ വിത്തുല്‍സവം തുടരുന്നു. നാളെ രാവിലെ മുതല്‍ കുട്ടികള്‍ക്കുള്ള ശില്‍പശാല. രണ്ടു മണിക്ക് വിത്തുസംരക്ഷകരുടെ കൂടിച്ചേരല്‍. ചെറുവയല്‍രാമന്‍ ഉദ്ഘാടനംചെയ്യും. പാഠഭേദം പ്രത്രാധിപര്‍ ജയലാല്‍ അധ്യക്ഷനായിരിക്കും. അഞ്ചു മണിക്ക് വഴി തെളിച്ചവരുടെ കൂടിച്ചേരല്‍ എഫ് ടി എ കെ കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ ജോസ് പൂവത്തത്തിങ്കല്‍ അധ്യക്ഷനായിരിക്കും. 6.30 ന് കണ്ണൂര്‍ എഫ്ടിഎകെ അവതരിപ്പിക്കുന്ന നാടകം -അരേ മൈ ഗോഡ്. തുടര്‍ന്ന് പുല്‍പ്പള്ളി ചിലങ്ക നാട്യ കേന്ദ്രത്തിന്റെ നൃത്തസന്ധ്യ.
0 Comments