കൊച്ചി: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. 2018 ല്‍ വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ
അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ് ഡയറക്‌ടേറ്റിന്റെ നടപടി.

കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. കെ ബാബുവിന്റെ വരുമാന സ്രോതസ്സിനെയും സ്വത്തുമായി ബന്ധപ്പെട്ട രേഖകളുടെയും വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു. കെ ബാബുവിന്റെ പണത്തിന്റെ ഇടപാടുകളും ശേഖരിച്ചു. വരും ദിവസങ്ങളില്‍ മറ്റ് നടപടികള്‍ ഉണ്ടായേക്കും.
അതേസമയം, തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നും കെ.ബാബു എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചതായാണ് വിവരം. തനിക്ക് കിട്ടിയ യാത്രാ-ദിന ബത്തകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു.