മുംബൈയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. ഇന്നലെ രാത്രിമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍നഗരമായി മുംബൈ മാറി. മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, തിയറ്ററുകള്‍ എന്നിവയ്ക്ക് ദിവസംമുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കാം.

മഹാനഗരം ഇനി കണ്ണുചിമ്മില്ല. ദീര്‍ഘനാളത്തെ ചർച്ചകള്‍ക്ക് ശേഷം ടൂറിസം മന്ത്രി ആദിത്യ താക്കറെയുടെ 'ഉറങ്ങാത്ത നഗരം' പദ്ധതി തുടക്കമായി. ആദ്യഘട്ടത്തില്‍ പാർപ്പിടേതര മേഖലകളിലെ മാളുകള്‍, കടകൾ, റസ്റ്ററന്റുകൾ, തിയറ്ററുകൾ എന്നിവയ്ക്കാണ് 24 മണിക്കൂർ പ്രവർത്തനാനുമതി. ബാറുകളും പബ്ബുകളും രാത്രി ഒന്നര വരെ പ്രവർത്തിക്കും. പ്രമുഖ ഷോപ്പിങ് മാളുകളും ഫാസ്റ്റ് ഫുഡ് ശൃംഖലകളും പദ്ധതിയുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് മുംബൈക്കാര്‍.

ബിജെപിയുടെ കടുത്ത എതിര്‍പ്പുണ്ടെങ്കിലും കൂടുതൽ തൊഴിലവസരവും അധിക വരുമാനവും പ്രതിപക്ഷത്തിന്റെ വായടപ്പിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പദ്ധതി വിദേശ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകർഷിക്കും. മഹാനഗരം ഉറങ്ങാതിരിക്കുന്നതോടെ ക്രമസമാധാനപാലനം മുംബൈ പൊലീസിന് അല്‍പ്പംകൂടി കടുപ്പമായേക്കും.