നവീകരണം: പേരാവൂര്‍ താലൂക്ക് ആസ്പത്രി  കിഫ്ബി സംഘം സന്ദര്‍ശിച്ചു

പേരാവൂര്‍: 51 കോടി രൂപ ചെലവിട്ട് സ്പെഷ്യാലിറ്റി ആസ്പത്രിയായി നവീകരിക്കുന്ന പേരാവൂര്‍ താലൂക്ക് ആസ്പത്രി കിഫ്ബി സംഘം സന്ദര്‍ശിച്ചു. ആസ്പത്രിവളപ്പിലെ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍, നിലവിലെ ഭൗതികസാഹചര്യങ്ങള്‍, പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ എന്നിവ സംഘം പരിശോധിച്ചു.

ആസ്പത്രിക്കുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ വാപ്‌കോസ് പ്രതിനിധികള്‍ക്കൊപ്പമാണ് കിഫ്ബി അധികൃതരും എത്തിയത്. കിഫ്ബി അധികൃതര്‍ തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ഉടനെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിക്കും. ഒപ്പം, നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നല്‍കിയ അപേക്ഷകളില്‍ അനുമതി ലഭിക്കുന്നതോടെ സ്പെഷ്യാലിറ്റി ആസ്പത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മൂന്നുമാസം മുന്‍പാണ് ആസ്പത്രി നവീകരണത്തിന് 51 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചത്. നിലവിലെ ഒ.പി. കെട്ടിടം പൊളിച്ച്‌ ആറുനിലകളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഒ.പി., ഐ.പി., അത്യാഹിതവിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍, ബ്ലഡ് ബാങ്ക്, ലബോറട്ടറി, ഡയാലിസിസ് സെന്റര്‍, പ്രസവ വാര്‍ഡ്, മോര്‍ച്ചറി, ദന്തവിഭാഗം തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാവും. ആസ്പത്രി കോമ്ബൗണ്ട് മുഴുവന്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കും.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തധികൃതരും ആസ്പത്രി അധികൃതരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് നല്‍കിയ നിവേദനങ്ങള്‍ക്കൊടുവിലാണ് ഈ നടപടി. ആസ്പത്രിയിലെത്തിയ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി അജയ് മോഹന്‍, കിഫ്ബി ടെക്‌നിക്കല്‍ ഡയറക്ടര്‍ ഷാജഹാന്‍, വാപ്‌കോസ് ചീഫ് എന്‍ജിനീയര്‍ ലത്തീഫ്, വാപ്‌കോസ് പ്രതിനിധികളായ ലബീബ്, ഷാരന്‍ എന്നിവര്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, പി.ആര്‍.ഒ. ജിബിന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.പ്രദീപ്, നഴ്‌സിങ് സൂപ്രണ്ട് സ്വര്‍ണകുമാരി എന്നിവരുമായി ചര്‍ച്ച നടത്തി.