സെമിത്തേരി വിഷയവുമായി വരേണ്ട -താക്കീതുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: മൃതദേഹം സംസ്കരിക്കല് തങ്ങളുടെ വിഷയമല്ലെന്നും സെമിത്തേരി പങ്കിടുന്ന കാര്യവുമായിവന്നാല് ഹര്‍ജി തള്ളുമെന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് സുപ്രീംകോടതിയുടെ താക്കീത്. അവര്‍ക്കനുകൂലമായ മുന്‍ കോടതി വിധികളില്‍ ഇളവുവരുത്താന്‍ മടിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
സഭാതര്ക്കവിഷയത്തിലെ ഉത്തരവുകള്‍ നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യഹര്ജിക്കൊപ്പം ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ രൂക്ഷപരാമര്‍ശം. മലങ്കരസഭയിലെ പള്ളി സെമിത്തേരികളില്‍ യാക്കോബായ വിഭാഗക്കാരുടെ മൃതദേഹങ്ങള്‍കൂടി സംസ്കരിക്കാന്‍ കഴിയുംവിധം സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയകാര്യം ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കൃഷ്ണന് വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാല്‍, ഓര്‍ഡിനന്‍സും ശവസംസ്കാരവുമൊന്നും തങ്ങളുടെ മുന്നിലുള്ള വിഷയങ്ങളല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
മൃതദേഹം ആരുടേതായാലും ഒരുപോലെയാണ്. അതിന് ഓര്‍ത്തഡോക്സ് എന്നോ പാത്രിയാര്‍ക്കീസ് എന്നോ ഇല്ല. ഏതു വികാരി കര്‍മം ചെയ്യുമെന്നതിലൊന്നും താത്പര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സെമിത്തേരി പങ്കിടുന്നതുസംബന്ധിച്ച് ഓര്‍ത്തഡോക്സ് വിഭാഗം അഭിഭാഷകര്‍ പിന്നെയും വാദം തുടര്‍ന്നതോടെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പു നല്‍കിയത്.
മലങ്കര സഭയിലെ പള്ളികള്‍ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്ന വിധി ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. അക്കാര്യം വ്യക്തമാക്കി പ്രത്യേകം വിധി വേണമെങ്കില്‍ അതു നിങ്ങള്ക്കനുകൂലമായിരിക്കില്ലെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. തന്റെ മുന്‍ ഉത്തരവുകള്‍ അതിനായി ഭേദഗതി വരുത്താന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ ഹര്‍ജികളില്‍ മറുപടി നല്കാന് യാക്കോബായ വിഭാഗം നാലാഴ്ച സമയം തേടിയിരുന്നു. ആറാഴ്ച സമയം അനുവദിച്ചുകൊണ്ട് കേസ് ഫെബ്രുവരി അവസാനവാരം പരിഗണിക്കാനായി മാറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ കക്ഷികള്‍ക്കു മറുപടി നല്‍കാനും അനുമതിനല്‍കി.
ഓര്‍ത്തഡോക്സ് വിഭാഗത്തിനുവേണ്ടി കൃഷ്ണന് വേണുഗോപാലിനു പുറമേ മുതിര്‍ന്ന അഭിഭാഷകരായ സി.യു. സിങ്, ഇ.എം.എസ്. അനാം എന്നിവരും യാക്കോബായ വിഭാഗത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി, അഡ്വ. അഡോള്‍ഫ് മാത്യു എന്നിവരും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ്, സ്റ്റാന്‍ഡിങ് കോണ്‍സെല്‍ ജി. പ്രകാശ് എന്നിവരും ഹാജരായി.
0 Comments