പിന്‍വലിച്ചത് 500 രൂപ; എ.ടി.എമ്മില്‍നിന്ന് ലഭിച്ചത് 10,000

പാലാ: എ.ടി.എമ്മിലൂടെ 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്കണവാടി അധ്യാപികയ്ക്ക് ലഭിച്ചത് 10,000 രൂപ. അധികമുള്ള തുക ബാങ്ക് അധികൃതര്‍ക്ക് തിരികെ നല്‍കി അങ്കണവാടി അധ്യാപിക മാതൃകയായി. വ്യാഴാഴ്ചയാണ് സംഭവം. കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ വേരനാനല്‍ അങ്കണവാടി അധ്യാപിക ലിസി കാട്ടകത്ത്, പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ പണം പിന്‍വലിച്ചപ്പോഴാണ് സംഭവം.

കൂടുതല്‍ തുക ലഭിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ലിസി എ.ടി.എമ്മിന് പുറത്തിറങ്ങിയപ്പോള്‍ കണ്ടുമുട്ടിയ ളാലം ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് നടയത്തിനോട് വിവരം പറഞ്ഞു. ജോര്‍ജ് വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ബി.ഐ. അധികൃതര്‍, അധിക തുക കൈപ്പറ്റാന്‍ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയില്‍ തുക എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബ്ലോക്ക് അംഗവും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തുക കൈപ്പറ്റുകയും രസീത് നല്‍കുകയും ചെയ്തു.