മു​ന്‍​ഗ​ണ​നാ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​ജ്വ​ല്‍ പ​ദ്ധ​തിയില്‍ ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ന​ല്‍​ക​ണം: ദി​ശാ​യോ​ഗം

ക​ണ്ണൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല്‍ യോ​ജ​ന വ​ഴി ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ന്‍​ഗ​ണ​നാ കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യം. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ദി​ശാ യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദി​ശ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ കെ.​സു​ധാ​ക​ര​ന്‍ എം​പി പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ലെ​പ്പോ​ക്ക് നി​ല​പാ​ടി​നെ​യും എം​പി വി​മ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ദി​ശാ​യോ​ഗ​ത്തി​നു ശേ​ഷം പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രി​ഞ്ച് മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ദി​ശ​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ട്. എ​ന്ത് കൊ​ണ്ടാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പു​രോ​ഗ​തി​യി​ല്ലാ​ത്ത​തെ​ന്ന് ഓ​രോ വ​കു​പ്പും വി​ല​യി​രു​ത്ത​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് അ​റി​യി​ക്ക​ണ​മെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ല്‍ ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​ത് എ​വി​ടെ​യൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. പ്ര​വൃ​ത്തി​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​ക്കു​ന്ന കാ​ല​താ​മ​സം ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യെ ബാ​ധി​ക്കു​ന്നു​ണ്ട്. വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ട് പാ​ഴാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി​കേ​ടാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു. പ​ല വ​കു​പ്പു​ക​ളി​ലും ഫ​ണ്ട് വി​നി​യോ​ഗം വ​ള​രെ കു​റ​വാ​ണ്. സ​മൂ​ഹ​ത്തി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രാ​ണ് ഇ​തി​ന്‍റെ ദൂ​ഷ്യ​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ല എ​ന്നു​ള്ള​ത് ഗൗ​ര​വ​ത​ര​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ വ​ഴി ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്‌ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും എം​പി നി​ര്‍​ദേ​ശി​ച്ചു.