പൊതുയോഗം തുടങ്ങാന്‍ വൈകി, ഉദ്ഘാടനം നടത്താതെ മുഖ്യമന്ത്രി മടങ്ങി
തിരുവനന്തപുരം: സമയത്ത് പൊതുയോഗം തുടങ്ങാത്തതിനാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി. സിപിഎം അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ ഇന്നലെ വൈകുന്നേരം 5.20 ഓടെയാണ് സംഭവം. അഞ്ച് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിലേക്ക് 20 മിനിറ്റ് വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. നായനാര്‍ പാര്‍ക്കിലെ ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്ബാകെ പിണറായി എത്തിയാലുള്ള അപകടം മുന്നില്‍ക്കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കാര്യം അറിയിച്ചു. വന്നപാടെ വണ്ടി തിരിച്ച് മുഖ്യമന്ത്രി മടങ്ങി.
വ്യാപാരി വ്യവസായി സമിതിയുടെ ചില നേതാക്കള്‍ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്താന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ തിരിച്ചെത്തക്കാന്‍ സംഘടാകര്‍ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രവര്‍ത്തകരെ പിടിച്ചിരുത്താന്‍ ഗാനമേള തുടങ്ങി, പിന്നാലെ നേതാക്കളുടെ പ്രസംഗവും കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി മാത്രം വന്നില്ല. സമയക്രമം പാലിക്കാത്തതിലെ പിണറായി കോപം നേരിട്ടറിഞ്ഞ വ്യാപാരി സഖാക്കള്‍ പുത്തരിക്കണ്ടത്ത് ശരിക്കും വെള്ളംകുടിച്ചു.


0 Comments