20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്ത് പ്രത്യക്ഷനികുതിവരുമാനത്തില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: 20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷനികുതിവരുമാനം മുന്‍വര്‍ഷം ലഭിച്ചതിനെക്കാള്‍ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും രാജ്യത്തെ സാമ്ബത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതുമാണ് കാരണമെന്ന് പ്രത്യക്ഷനികുതിവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള 'റോയിട്ടേഴ്‌സി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാമ്ബത്തികവര്‍ഷം 13.5 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതി വരുമാനമായി ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. മുന്‍വര്‍ഷം ലഭിച്ചതിനെക്കാള്‍ 17 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷ. എന്നാല്‍, അപ്രതീക്ഷിതമായി കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് വരുമാനത്തിന് തിരിച്ചടിയായി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി.ഡി.പി.) അഞ്ചുശതമാനത്തിനടുത്തായിരിക്കുമെന്നാണ് വിലയിരുത്തല്‍. 11 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്.
ഈസാഹചര്യത്തില്‍ മുന്‍വര്‍ഷം ലഭിച്ചതിനെക്കാള്‍ പ്രത്യക്ഷനികുതിവരുമാനത്തില്‍ പത്തുശതമാനംവരെ കുറവുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സാമ്ബത്തികവര്‍ഷം പ്രത്യക്ഷനികുതി വരുമാനമായി ആകെ 11.5 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്.
ഉപഭോഗം കുറഞ്ഞതിനാല്‍ കമ്ബനികള്‍ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴില്‍ കുറയ്ക്കുന്നതുമെല്ലാം നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കോര്‍പ്പറേറ്റ് നികുതി കുറച്ചത്. ജനുവരി 23 വരെയുള്ള കണക്കനുസരിച്ച് 7.3 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷനികുതിവരുമാന ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മുന്‍വര്‍ഷം ഇതേകാലത്ത് ലഭിച്ചതിനെക്കാള്‍ 5.5 ശതമാനം കുറവാണിത്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മൂന്നുമാസക്കാലത്ത് കമ്ബനികളില്‍നിന്ന് മുന്‍കൂര്‍ നികുതിയായി വലിയതുക ലഭിക്കാറുണ്ട്. ആകെ വരുമാനത്തിന്റെ 30-35 ശതമാനം ഇത്തരത്തില്‍ ലഭിക്കും.
അതുകൊണ്ടുതന്നെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി വരുമാനം ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും കഴിഞ്ഞവര്‍ഷം ലഭിച്ചതിന്റെ പത്തുശതമാനമെങ്കിലും കുറവായിരിക്കും ഇത്തവണത്തെ പ്രത്യക്ഷനികുതിവരുമാനമെന്ന് ഇവര്‍ വിലയിരുത്തുന്നു.
രാജ്യത്തെ വരുമാനത്തിന്റെ ഏതാണ്ട് 80 ശതമാനവും പ്രത്യക്ഷ നികുതിയില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇതിലുണ്ടാകുന്ന കുറവുനികത്താന്‍ സര്‍ക്കാരിന് കൂടുതല്‍തുക കടമെടുക്കേണ്ടിവരും.
0 Comments