സെന്റ് ജോസഫ് ഫൊറോനപ്പള്ളി പേരാവൂരിൽ തിരുന്നാൾ മഹോത്സവത്തിന് കൊടിയേറി
പേരാവൂർ: സെന്റ് ജോസഫ് ഫൊറോനപ്പള്ളി പേരാവൂരിൽ തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഫൊറോന വികാരി ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് കൊടിയുയർത്തി. തുടർന്ന് അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബിൻ കൊട്ടാരത്തിൽ, ഫാ. ലിബിൻ എഴുപറയിൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ വി. കുർബ്ബാന നടന്നു. തുടർന്ന് ഒരു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഇടവകയിൽ നിന്നും സ്ഥലംമാറിപ്പോവുന്ന അസി. വികാരി ഫാ. ജോബിൻ കൊട്ടാരത്തിലിന് പ്രൗഢ ഗംഭീരമായ സദസ്സിനു മുൻപിൽ ആഘോഷം മായ യാത്രയയപ്പ് നൽകി. 2020 ജനുവരി 31 മുതൽ ഫെബ്രുവരി 9 ഞായർ വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 3:30 ന് ആരാധന, ജപമാല, 4 :10 ന് വി. കുർബ്ബാന എന്നിങ്ങനെയാണ് തിരുന്നാൾ ക്രമീകരണങ്ങൾ. കൂടാതെ സുറിയാനി ഭാഷയിലും, മലങ്കര, ലത്തീൻ റീത്തുകളിലെ ആരാധന ക്രമങ്ങളിലും ഇത്തവണ തിരുന്നാൾ തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. തിരുന്നാൾ ദിനങ്ങളിൽ ഫാ. ബാബു മാപ്പിളശ്ശേരി, ഫാ. ഡോ. ജെറോം ചിങ്ങൻതറ, ഫാ. ഡേവിഡ് ആലിങ്കൽ, ഫാ. സിറിൾ തയ്യിൽ, ഫാ. അബ്രഹാം ഞാമത്തോലിൽ, ഫാ. ദീപു കാരക്കാട്ട്, ഫാ. ഡോ. ആന്റണി തറേക്കടവിൽ, ഫാ. ഡോ. തോമസ് കിങ്സ്റ്റൺ പുതുക്കുളങ്ങര എന്നിവർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. ഫെബ്രുവരി 8 ശനിയാഴ്ചയിലെ പ്രധാന തിരുന്നാളിന് തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി കാർമ്മികനാവും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൌൺ ചുറ്റിയുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, ആകാശ വിസ്മയം എന്നിവയുമുണ്ടായിരിക്കും. ഫെബ്രുവരി 7 വെള്ളിയാഴ്ച കൊച്ചിൻ കലാഭവൻ നയിക്കുന്ന ഗാനമേളയും റീമിക്‌സും പെരുന്നാൾ ആഘോഷങ്ങൾ ആവേശകരമാക്കും. സമാപന ദിവസമായ ഫെബ്രുവരി 9 ഞായറാഴ്ച പ്രദക്ഷിണത്തെ തുടർന്ന് സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങൾ സമാപിക്കും.
0 Comments