നായയെ അഴിച്ചുവിട്ട് ആക്രമിച്ചതായി യുവതിയുടെ പരാതി; അയല്‍വാസിക്കെതിരെ കേസെടുത്തതായി പൊലീസ്

ദില്ലി: തന്നെ ആക്രമിക്കാന്‍ അയല്‍ക്കാരന്‍ നായയെ അഴിച്ചുവിട്ടതായി അമ്ബത്തിമൂന്നുകാരിയുടെ പരാതി. കിഴക്കന്‍ ദില്ലിയിലെ ഷഹദാരയില്‍ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ യുവതിയുടെ അരയിലും കാലിലും പരിക്കേറ്റു. പരാതിക്കാരനായ സുമന്‍ മഹാജനും അയല്‍വാസിയായ കുല്‍ദീപ് റാവലും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതായി പോലീസ് വ്യക്തമാക്കി.

പരാതിയില്‍, മഹാജന്‍ പറഞ്ഞു, "ശനിയാഴ്ച രാവിലെ ഏകദേശം 8:40 ഓടെ ഞാന്‍ ക്ഷേത്രത്തില്‍ പോവുകയായിരുന്നു. അപ്പോഴാണ് അയല്‍ക്കാരന്‍ നായയുമായി നില്‍ക്കുന്നത് കണ്ടത്. എന്റെ മുന്നില്‍ വന്നപ്പോള്‍ അയാള്‍ നായയെ സ്വതന്ത്രമാക്കി വിട്ടു. നായ എന്റെ അടുത്തേക്ക് ഓടിവന്ന് എന്റെ മേല്‍ ചാടിവീണ് ആക്രമിച്ചു. എന്റെ വലതു കാലിലാണ് കടി‌യേറ്റത്. ഇടത് കാലിലും അരഭാ​ഗത്തും നഖംകൊണ്ട് ആക്രമിച്ചു.'' പരാതിക്കാരിയായ സുമന്‍ മഹാജന്‍ വ്യക്തമാക്കി. കരച്ചില്‍ കേട്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ മാതാപിതാക്കളാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഇവരെ ഉടന്‍ തന്നെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ‌ും പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്തു. റാവലിന്റെയും മഹാജന്റെയും കുടുംബം സ്വത്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാര്‍ക്കെതിരെ ഒരു വര്‍ഷം മുമ്ബ് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അത് പിന്‍വലിക്കാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. വിവേക് ​​വിഹാര്‍ പോലീസ് സ്റ്റേഷനില്‍ കുല്‍ദീപ് റാവലിനെതിരെ കേസെടുത്തു. യുവതിയുടെ അവകാശവാദങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.