കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് വേട്ടയിലൂടെ കേരളാ പൊലീസ് അമിത് ഷായുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിനുമേല്‍ യാതൊരു നിയന്ത്രണവുമില്ല. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും നിയമത്തിനെതിരായ പ്രക്ഷോഭത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ തന്നെ കേരള പോലീസിന്റെ നിലപാട് സംഘ്പരിവാര്‍ നയത്തിനനുസരിച്ചാണ്.
കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ അനൗണ്‍സ്‌മെന്റ് നടത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തു. ഇതിനെതിരെ സി.പി.എമ്മിന് തന്നെ പ്രതികരിക്കേണ്ടിവന്നു. നൂറുക്കണക്കിന് കേസുകളാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്.
പരസ്യമായി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ ഒരു പെറ്റി കേസുപോലും പൊലീസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതി വാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരെ പോലും കേസുകളെടുക്കുകയാണ്.
കുറ്റ്യാടിയില്‍ ബി.ജെ.പി പൊതുയോഗം നടക്കുന്ന സമയത്ത് കടകളടക്കണമെന്ന് ആഹ്വാനം ചെയ്തു എന്ന പേരില്‍ ഏഴ് പേര്‍ക്കെതിരെ മതസ്പര്‍ദ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 153 വകുപ്പ് ചുമത്തിയാണ് സ്വമേധയാ പൊലീസ് കേസെടുത്തിരിക്കുന്നത്. യു.പിയിലും കര്‍ണാടകയിലും സമരക്കാരെ നേരിട്ടതുപോലെ കേരളത്തിലും പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള പൊലീസ് നടപടി നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. നിയമം പിന്‍വലിക്കും വരെ കേരളത്തില്‍ വിപുലമായ പ്രക്ഷോഭ പരിപാടികള്‍ നടക്കും.
ജനാധിപത്യ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്ന പൊലീസ് രാജിനെതിരെ ജനങ്ങള്‍ ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
0 Comments