പൗരത്വ നിയമം സ്റ്റേ ചെയ്യണം; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച്‌ പുതിയ ഹര്‍ജികളുമായി മുസ്ലീംലീഗ് സുപ്രീംകോടതിയില്‍. പൗരത്വ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ പത്താം തീയതിയാണ് പൗരത്വ നിയമം നിലവില്‍ വന്നത്. അത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയുമാണ്. ഇതിനിടെയാണ് പൗരത്വ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പ് ആകും വരെ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.

സുപ്രീംകോടതി വിധി വരുന്നവരെ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ കണക്കെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നും മുസ്ലീംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടക്കം ഇതിനുള്ള നടപടികളുായി മുന്നോട്ട് പോകുന്നതായി വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കൂടിയാണ് ആവശ്യം,

കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്‍റെപൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.