യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍പ്രതി  കോടതിയില്‍ കീഴടങ്ങി




ശ്രീകണ്ഠപുരം: ഏരുവേശ്ശി വലിയ അരീക്കാമലയിലെ കോട്ടി വിനീതിനെ (25) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വലിയ അരീക്കാമലയിലെ ചപ്പിലി പപ്പന്‍ (51) തളിപ്പറമ്ബ് കോടതിയില്‍ കീഴടങ്ങി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 25-ന് രാത്രിയാണ് സംഭവം. വിനീതും സുഹൃത്തുംകൂടി ബൈക്കില്‍ പോകവെ പപ്പന്‍ തടഞ്ഞുനിര്‍ത്തി. ഇതേത്തുടര്‍ന്ന് വാക്കേറ്റമായി. അതിനിടയില്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പപ്പന്‍ വിനീതിനെ കുത്തുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ വിനീത് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവത്തില്‍ പയ്യാവൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തതോടെ പ്രതി ഒളിവില്‍പോവുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയത്.