കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. സൗകര്യം നിലച്ചു


. രണ്ടുമുതൽ വൈകുന്നേരം അറു വരെ ഏർപ്പെടുത്തിയിരുന്ന ഒ.പി. സൗകര്യം ഡോക്ടർമാർ ഇല്ലാത്തതിനാൽ നിർത്തിവെച്ചിരിക്കുകയാണിപ്പോൾ. നിലവിൽ രണ്ടുമണിവരെയാണ് ഒ.പി.സൗകര്യം ലഭ്യമാകുന്നത്. ഡിസംബർ അവസാനത്തോടെയാണ് സൗകര്യം ലഭിക്കാതായത്. സായാഹ്ന ഒ.പി.ക്കായി നിയമിച്ച ഡോക്ടർ സ്ഥലം മാറിപ്പോയതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. മറ്റു മൂന്നു ഡോക്ടർമാരുള്ളതിൽ രണ്ടുപേർ പരിശീലനത്തിനും ശബരിമല ഡ്യൂട്ടിക്കുമായി പോയിരിക്കുന്നതിനാൽ നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ശരാശരി 250-ലേറെ രോഗികളെത്തുന്ന ആരോഗ്യകേന്ദ്രം നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിയിലാണ്. സായാഹ്ന ഒ.പി. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
കേളകം പി.എച്ച്.സി. യിൽ സായാഹ്ന ഒ.പി. തുടങ്ങിട്ട് ആറുമാസമേ ആയിട്ടുള്ളു. നാഷ്ണൽ ഹെൽത്ത് മിഷനാണ്(എൻ.എച്ച്.എം.) സായാഹ്ന ഒ.പി.യിലേക്കുള്ള ഡോക്ടറെ നിയമിച്ചത്. നിലവിലുണ്ടായിരുന്നയാൾ സ്ഥലം മാറിപ്പോയിട്ട് രണ്ടാഴ്ചയോളമായിട്ടും പുതിയ നിയമനം നടന്നിട്ടില്ല. നിയമനം വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. സായാഹ്ന ഒ.പി.യിലേക്കുള്ള ഡോക്ടർക്ക് വേതനം നൽകേണ്ടത് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ നിലവിൽ എൻ.എച്ച്.എം. തന്നെയായിരുന്നു വേതനം നൽകിയിരുന്നത്. 
കേളകം ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയും പ്രവൃത്തിക്കാതായിട്ട് മൂന്നുമാസത്തിലേറെയായി.ലാബ് ടെക്‌നീഷ്യനില്ലാത്തതാണ് ഇതും പൂട്ടിയിടാൻ കാരണം. ടെക്‌നീഷ്യന്റെ വേതനകാര്യത്തിലും പ്രതിസന്ധി നിലനിന്നിരുന്നു. ലാബ് പ്രവൃത്തിക്കുന്നില്ലെന്ന് ദീപിക റിപ്പോർട്ട് ചെയ്തിതിനേത്തുടർന്ന് പഞ്ചായത്ത് പദ്ധതിഫണ്ടിലുൾപ്പെടുത്തി പുതിയെ ടെക്‌നീഷ്യനെ നിയമിച്ചു വേതനം നൽകാൻ തയാറായി. എന്നാൽ അഭിമുഖത്തിനെത്തിയവർക്ക് ആവശ്യമായ യോഗ്യതകളില്ലാത്തതിനാൽ നിയമനം ഇതുവരെ നടന്നിട്ടില്ലെന്നും ആരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.

ഡോക്ടറുടെ വേതനം വലിയ തുകയായതിനാൽ ഇപ്പോൾ വേഗത്തിൽ നിയമനം നടത്താനാകില്ല. അടുത്തവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ചുമാസത്തോടെ പഞ്ചായത്ത് തന്നെ പുതിയ ഡോക്ടറെ നിയമിക്കും. നിലവിലുള്ള ഡോക്ടർമാർ പറ്റുന്നത്ര സമയം ഒ.പി. സൗകര്യം നൽകുന്നുണ്ടെെന്നും, സായാഹ്ന ഒ.പി. മുടങ്ങാതിരിക്കാൻ ഇടപെടുമെന്നും പഞ്ചാായത്ത്  മൈഥിലി രമണൻ പറഞ്ഞു.