കട്ടപ്പന : അയോദ്ധ്യ, ശബരിമല കേസുകളിലെ സുപ്രീംകോടതി വിധികളെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം.മണി.



‘‘ അയോദ്ധ്യയിൽ മുൻപ് ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവില്ല . ആ വിധി തന്നെ വേദനിപ്പിച്ചു .അവസാനം കോടതി വിധി വന്നപ്പോൾ അത് അവർക്ക് കൊടുത്തേക്ക് എന്ന രീതിയിലായി. രാഷ്ട്രീയക്കാരനായ താൻ ഇങ്ങനൊന്നും പറയാൻ പാടില്ലാത്തതാണ്. ഇതു പറയാതെ ശവത്തെപ്പോലെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി കേട്ടപ്പോഴേ മറ്റെല്ലാവരും സ്വാഗതം ചെയ്‌തെങ്കിലും തങ്ങൾ സ്വാഗതം ചെയ്തിട്ടില്ലെന്നും മണി പറഞ്ഞു . എംഇഎസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന .
ശബരിമലയിൽ പണ്ട് വേണ്ടപ്പെട്ടവരുടെ സ്ത്രീകൾ കയറി മെഴുകിയിട്ടുണ്ട്. രാജാവും രാജ്ഞിയും പലരും പോയിട്ടുണ്ട്. ശബരിമല വിഷയത്തിൽ വിധി വന്നപ്പോഴും എല്ലാവരും സ്വാഗതം ചെയ്തു. പാവം ഞങ്ങൾ പെട്ടുപോയി. സ്ത്രീക്കും പുരുഷനും തുല്യത വേണ്ടെന്നു പറഞ്ഞിട്ട് പിന്നെ പാർട്ടി പിരിച്ചുവിടേണ്ടി വരുമായിരുന്നു.
മുൻപ് ജസ്റ്റിസ് പരിപൂർണന്റെ വിധി വന്നപ്പോൾ അന്നത്തെ നായനാർ സർക്കാർ അപ്പീലിനൊന്നും പോയിട്ടില്ല. അദ്ദേഹം ശബരിമലയിലെ സ്വാമിയായതിനാൽ ഭരണഘടനയൊന്നും നോക്കാതെയാണ് 10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾ പോകേണ്ടെന്നു പറഞ്ഞത്. ഇപ്പോഴത്തെ വിധിയിൽ കോടതി ഉറച്ചു നിന്നിട്ടില്ല. ഇനി ഏഴംഗ ബഞ്ചിനു വിട്ടിരിക്കുകയാണ്. ജുഡീഷ്യറി പോലും എങ്ങോട്ടാണു പോകുന്നതെന്ന് ആലോചിക്കണം. ജുഡീഷ്യറി പഴയ നിലയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ കൊടുത്ത പെറ്റീഷൻ അനുസരിച്ച് പ്രാഥമികമായി സ്‌റ്റേ ചെയ്യാമായിരുന്നില്ലേ. നടപ്പാക്കാൻ വരട്ടെ എന്നെങ്കിലും ഭരണഘടനാ ബെഞ്ചിന് പറയാമായിരുന്നില്ലേ’’– എം.എം.മണി ചോദിച്ചു.
പൗരത്വ നിയമം ശുദ്ധ അസംബന്ധമാണ്. അത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇപ്പോൾ മുസ്‌ലിംകളെയാണ് ഉന്നം വയ്ക്കുന്നതെന്നും എം എം മണി പറഞ്ഞു .