പൊളിക്കലല്ല, കെട്ടിപ്പൊക്കലാണ് നമുക്ക് വേണ്ടത്. ഐക്ക
പ്രിസിഡന്റ് പി.ഡി ഷാജി
നിയമങ്ങൾ കാലാനുസൃതമായി ജങ്ങൾക്കും, ജന നന്മക്കായും മാറുകയും, അത് കൃത്യമായി അനുസരിക്കുന്ന ഒരു സംസ്കാരം, യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഉണ്ടാവുകയും ചെയ്‌താൽ ഇന്ത്യ ആ നിമിഷം ലോകത്തെ ഒന്നാം നമ്പർ രാജ്യമാവും!!
കേരളത്തെ സംബന്ധിച്ചു ഒരിക്കലും മറക്കാനാവാത്ത കരിദിനങ്ങളാണ്
കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ നിമിഷങ്ങൾ കൊണ്ട് ഭൂമി വിഴുങ്ങിയ കാഴ്ച.
അനധികൃതമായ നിർമ്മിതികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് പൊളിച്ച നാല് പാർപ്പിട സമുച്ചയങ്ങളും. വർഷങ്ങൾ നീണ്ട നിയമ പോരാട്ടം. വലിയൊരു വിഭാഗത്തിന് വിജയമെങ്കിലും, ഒരു ന്യൂനപക്ഷത്തെ സംബന്ധിച്ചും, ഈ പുതു യുഗത്തിൽ ജീവിക്കുന്നവരെയും ചിന്തിക്കുന്നവരെയും സംബന്ധിച്ചു വലിയ പരാജയമാണിത്.
നിയമം നടപ്പിലാക്കി, കോടതി വിധി അനുസരിച്ചു, അതിൽ അഭിമാനിക്കാം. ഇനിയെന്താണ് അടുത്തപടി? ഒരു ടവ്വറിന്റെ സിംഹഭാഗവും കായലിൽ വീണ പാരിസ്ഥിക പ്രശ്നങ്ങൾ, പൊടി പടലങ്ങൾ ഉയർത്തുന്ന പാരിസ്ഥിക, ആരോഗ്യ പ്രശ്നങ്ങൾ, ഭൂമിക്കേറ്റ ക്ഷതം മൂലമുള്ള തുടർ പ്രശ്നങ്ങൾ, കുന്നുകൂടി കിടക്കുന്ന കെട്ടിടാവശ്യശിഷ്ടങ്ങൾ എങ്ങിനെ, എവിടെ ഒഴിവാക്കും, എവിടെ ഒഴിവാക്കിയാലും അതിൻറെ പരിണിത ഫലങ്ങൾ ഉടനെയൊന്നും നമ്മെ വിട്ടുപോവില്ല.
ബിൽഡർക്കു കെട്ടിടത്തിന്റെയും മറ്റു അനുബന്ധ സൗകര്യങ്ങളുടെ വിലയും, സർക്കാരിന് GST യും മറ്റു അനുമതി പത്രങ്ങൾക്കുള്ള ഫീസുകളും, അവിടം താമസ യോഗ്യമാക്കുന്നതിനുള്ള ചിലവുകളുമെല്ലാം ചെയ്തു, ചിലപ്പോൾ ലക്ഷങ്ങളോ, കോടികളോ ബാങ്ക് ലോണും എടുത്തു ഫ്ലാറ്റ് വാങ്ങിയ ഒരു വ്യക്തിയുടെ അവസ്ഥയെന്താണ്? അവർ എങ്ങിനെ ആ ബാധ്യത തീർക്കും? പുതിയ സ്ഥലം അവർ എങ്ങിനെ സ്വന്തമാക്കും? ആരാണ് ഇതിനു ഉത്തരവാദി? അവർക്കെതിരെ എന്തുകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല? ഈ നഷ്ടപ്പെട്ട തുക മുഴുവനും അവരിൽ നിന്നും പിടിച്ചെടുക്കണ്ടേ? ഇല്ലെങ്കിൽ തുറുങ്കിൽ അടക്കണ്ടേ?
നമുക്ക് ഇതെല്ലാം തഴക്കം വന്നതാണ്. പരമാവധി ഒരാഴ്ചത്തെ ചർച്ച, സംവാദം.. കഴിഞ്ഞു!! നമ്മൾ അടുത്ത വിഷയത്തിലേക്കു പോവും, ഇതിൻറെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ എന്നും യാതന അനുഭവിക്കും.
കേരളം പോലെ അതിശക്തമായ ജന സാന്ദ്രതയുള്ള ഒരു സംസ്ഥാനത്തു ഇപ്പോഴും വളരെകാലം പഴക്കമുള്ള കെട്ടിട നിർമ്മാണ ചട്ടമാണ് നിലവിലുള്ളത്. അതിൽ വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുപോലും അതിൻറെ ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കാതെ, ചില ഉദ്യോഗസ്ഥലോബി ക്രമ വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നതാണ് പ്രശ്നം.
മണ്ണും, പുഴയും, കായലും, കടലും, മലയും, മരങ്ങളും, വീടും, വായു മണ്ഡലവും, മൃഗങ്ങളും എല്ലാം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാകയാൽ, ഇവയെല്ലാം സംരക്ഷിക്കേണ്ടതും, നിലനിർത്തേണ്ടതും ഏറ്റവും അത്യാവശ്യമാണ്. അവയ്ക്കാണ് നിയമവും, ഭരണ സംവിധാനവും നിലനിൽക്കേണ്ടതും, സംരക്ഷണം നൽകേണ്ടതും.
തമിഴ്‌നാട്ടിലും, കർണാടകയിലും, മറ്റു പല സംസ്ഥാനങ്ങളിലും ആളുകളുടെ സാഹചര്യവും അത്യാവശ്യവും അനുസരിച്ചു കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കുന്നുണ്ട്. അതേസമയം തന്നെ അവർ മലയും പുഴയും തടാകങ്ങളും സംരക്ഷിക്കുകയും വലുതാക്കുകയും ചെയ്യുന്നുമുണ്ട്. രണ്ടു കെട്ടിടങ്ങളുടെ ഇടയിലുള്ള 12 അടി വീതിയും 30 അടി നീളവുമുള്ള സ്ഥലത്തു (0.82 സെൻറ്, എനിക്ക് നേരിട്ട് അറിയുന്നത്) ഗൂഡല്ലൂരിൽ നാലുനില കെട്ടിടം പണിതു എന്നത് അതിശയകരമാണ് ഒരു ഗ്യാപ്പും ഇല്ലാതെ മറ്റു രണ്ടു ചുമരുകളോടും ചേർന്ന് ചുമരുകൾ വച്ചു!! ഫലത്തിൽ മൂന്നു കെട്ടിടം ചേർന്നുള്ള ഒറ്റക്കെട്ടിടമായി എന്നർത്ഥം. (കേരളത്തിൽ പെർമിഷനും കെട്ടിട നമ്പറും കിട്ടില്ല)
ആളുകളുടെ ഗാർഹിക, കെട്ടിട, ബിസിനസ്സ്, വിനോദ ആവശ്യങ്ങൾ ക്രമാതീതമായ തോതിൽ ഉയർന്നതോടെ നിർമ്മാണ രീതിയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. കാലാവസ്ഥയിലും പ്രകൃതിയിലും ആവാസ വ്യവസ്ഥയിലും മാറ്റങ്ങൾ വന്നതോടെ മനുഷ്യർ പ്രകൃതിലേക്കു അടുക്കാൻ ശ്രമിച്ചു. അതാണ് വാട്ടർ ഫ്രണ്ടേജ് വീടുകൾ, കായൽത്തീര റിസോർട്ടുകൾ, ജംഗിൾ റിസോർട്ടുകൾ, ലേക്ക് റിസോർട്ടുകൾ, ബീച്ച് റിസോർട്ടുകൾ, ഐലൻഡ് റിസോർട്, മൗണ്ടൻ റിസോർട്സ്, ഫിഷിങ് റിസോർട്സ്, എക്കോ ടൂറിസം, എപ്പോഴും മഞ്ഞും കാറ്റും മഴയും ഉള്ള റിസോർട്ടുകൾ എന്നിവ അതിനുള്ള ഉത്തമ ഉദാഹരണമാണ്.
പല ഏഷ്യൻ രാജ്യങ്ങളിലും, ധാരാളം യൂറോപ്യൻ രാജ്യങ്ങളിലും കായലിലും, തടാകങ്ങളിലും, പുഴയിലുമൊക്കെ നിർമ്മാണങ്ങൾ നടത്തി വളരെ ആരോഗ്യകരമായി പരിപാലിച്ചു പോവുന്നുണ്ട്. അതുകൊണ്ടാണ് മൂന്നോ നാലോ ദിവസത്തെ അവധിക്കു ആളുകൾ മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ദുബായ് മുതലായ രാജ്യങ്ങളിലേക്ക് പോവുന്നത്. പ്രകൃതിയോടൊത്തുള്ള ജീവിതത്തിനു വേണ്ടി. അവിടെയൊക്കെ അവർ സ്വന്തം വീടുപോലെയും, സ്വന്തം ജീവൻ പോലെയും പ്രകൃതിയെ സംരക്ഷിക്കുന്നു, അവിടങ്ങളിൽ പോയാൽ നമ്മളും അങ്ങിനെ തന്നെ.
നമുക്കും അങ്ങിനെ ആയിക്കൂടെ? വനം, പുഴ, കായൽ, തടാകം, മല, കടൽ എന്നിവ നശിപ്പിക്കാതെ തന്നെ, അവയെ പൂർണ്ണമായി സംരക്ഷിച്ചും, വിപുലപ്പെടുത്തിയും ആസ്വദിച്ചും കൊണ്ട് നമുക്കും നിർമ്മാണങ്ങൾ നടത്തത്തില്ലേ? ജല ടൂറിസം, ഫിഷിങ് ടൂറിസം തുടങ്ങിയവയിലൂടെ നമുക്കും വിദേശ നാണ്യം നേടാൻ എന്താണ് തടസ്സം? സ്വിട്സർലാൻഡിനെക്കാളും മനോഹരമല്ലേ നമ്മുടെ കൊച്ചു കേരളം? അവർ ചെയ്യുന്ന ടൂറിസം നമുക്ക് എന്തുകൊണ്ട് ചെയ്തു കൂടാ? ശിലായുഗത്തിൽ നിന്നും നാം പുറത്തിറങ്ങേണ്ടിയിരിക്കുന്നു. വിദേശികളെ ഇങ്ങോട്ടു കൊണ്ടുവരണം, അതിനു നല്ല വികസനം വേണം, അത് ലഭിക്കണമെങ്കിൽ നമ്മുടെ ചിന്തകളും ഗ്ലോബൽ ആവണം. കിണറ്റിലെ തവള ആവരുത്.
ഇൻറർനെറ്റിലൂടെ ലോകം കൈക്കുമ്പിളിലെന്നു പറയുന്നുണ്ടെങ്കിലും, എന്താണ് ലോകം, ഇപ്പോൾ ലോകത്തു എന്ത് നടക്കുന്നു, നമുക്കെങ്ങനെ മുന്നേറാം എന്നൊന്നും മനസ്സിലാക്കുവാനും പഠിക്കുവാനും ഉപയോഗിക്കാതെ മതവും, രാഷ്ട്രീയവും, വംശീയവും പേറിയുള്ള നടപ്പു നമ്മൾ മാറ്റണം.
അതുകൊണ്ടാണ് കോടികൾ കൊടുത്തും ആളുകൾ വാട്ടർ വ്യൂ ജീവിതം നേടുന്നത്. ലോകത്തിനു മുൻപിൽ നമ്മൾ നിരന്തരമായി പിന്തിരിപ്പൻ നയങ്ങളാൽ സ്ഥിരമായി നാണം കെടുന്നു. ഇപ്പോൾ പല രാജ്യങ്ങളും വലിയ ആനുകൂല്യങ്ങൾ നൽകി നിക്ഷേപകരെ അങ്ങോട്ട് ക്ഷണിക്കുമ്പോൾ നമ്മൾ തകർക്കലിന്റെ പാത വിട്ടൊഴിയണം.
ഒരു രാഷ്ട്രത്തിൻറെ വളർച്ചക്ക് നിയമങ്ങൾ വളരെ സുതാര്യമാക്കണം, ജനകീയമാക്കണം. പുതിയ നിയമങ്ങൾ രചിക്കപ്പെടണം, അത് മാനവ നന്മക്കാവണം. നമുക്ക് കൈകോർക്കാം, തകർക്കാനാവാത്ത വിധം കെട്ടിപ്പൊക്കാം.
ഷാജി പി ഡി, ഐക്ക പ്രസിഡന്റ്
കോഴിക്കോട്.


0 Comments