ബധിരനായ ലോട്ടറി വില്പനക്കാരന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം; ഭാഗ്യം വന്നത് പകരം നല്‍കിയ ടിക്കറ്റിന്
വര്‍ക്കല: അഞ്ച് വര്‍ഷമായി കാല്‍നടയായി ടിക്കറ്റ് വിറ്റ് കുടുംബം പോറ്റുകയായിരുന്ന ലോട്ടറി വില്‍പ്പനക്കാരനെ ഒടുവില്‍ യഥാര്‍ത്ഥ ഭാഗ്യദേവത തേടിയെത്തി. കഴിഞ്ഞ ദിവസം നറുക്കെടുത്ത പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ജന്മനാ മൂകനും ബധിരനുമായ ലോട്ടറി വില്‍പ്പനക്കാരന് ലഭിച്ചത്. വര്‍ക്കല പാളയംകുന്ന് എസ്ജി നിവാസില്‍ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ ആര്‍.ഡബ്ല്യു. 889278 നമ്ബര്‍ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്.
കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വില്‍പ്പനക്കാരനും സുഹൃത്തുമായ ദേവരാജന്‍ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാര്‍ സുഹൃത്തിന് പൗര്‍ണമിയുടെ മറ്റൊരു ടിക്കറ്റും നല്‍കി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജന്‍ നല്‍കിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാര്‍ അറിയുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പ്രേംകുമാര്‍ ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ഏല്പിച്ചു.


0 Comments