കാഴ്ചയില്ല; സിവില്‍ സര്‍വീസില്‍ സ്വപ്നനേട്ടം; തപസ്വനിയുടെ ജീവിതം.



ഉയർച്ചതാഴ്ചകളുടെ ആകെ തുകയാണ് ജീവിതം. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നവർക്ക് മൂൻപിൽ കാലവും ജീവിതവും വിസ്മയം പ്രവർത്തിക്കും. അത്തരമൊരു വിസ്മയമാണ് ഒഡീഷയിൽ നിന്നുള്ള തപസ്വനി ദാസ് എന്ന ഇരുപത്തിമൂന്ന് വയസുകാരി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തപസ്വനിയുടെ കാഴ്ച ശക്തി നഷ്ടമാകുന്നത്.

എന്നാൽ അതിൽ തളരാതെ പഠനത്തിലൂടെ പ്രതിസന്ധികൾ അതിജീവിച്ച് തപസ്വനി ഒഡീഷ സിവിൽ സർവീസ് പരീക്ഷയിൽ നേടിയെടുത്തത് 161-ാം റാങ്ക്. ഈ നേട്ടം ജനറൽ വിഭാഗത്തിലാണെന്ന് അറിയുമ്പോൾ വിജയത്തിന് തിളക്കമേറും. ജനുവരി ആറാം തീയതിയാണ് ഫലം പ്രഖ്യാപിച്ചത്.

ഭിന്നശേഷി വിഭാഗത്തിന്റെ സംസ്ഥാന കമ്മീഷണർ സുലോചന ദാസാണ് ട്വിറ്ററിലൂടെ തപസ്വനിയുടെ വിജയത്തെ ലോകത്തിന് മുൻപിൽ അറിയിച്ചത്. കാഴ്ച പരിമിതികളെ അതിജീവിച്ച് ഒഡിഷ സിവിൽ സർവീസ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് തപസ്വനി. ഓൾ ഇന്ത്യ സിവിൽ സർവീസിൽ ഇത്തരത്തിൽ നേടം കൈവരിച്ച ആദ്യ വനിത തിരുവനന്തപുരം സബ്കലക്ടർ പ്രജ്ഞാൻ പാട്ടീലാണ്.

പഠിക്കേണ്ട ഭാഗങ്ങൾ സ്കാൻ ചെയ്ത് ലാപ്ടോപ്പിലാക്കി ഓഡിയോ ഫോർമാറ്റിലേക്ക് മാറ്റിയശേഷം കേട്ടാണ് തപസ്വനി പഠിച്ചത്. രണ്ടാം ക്ലാസിൽവച്ച് നടത്തിയ ഒരു ശസ്ത്രക്രിയ പരാജയമായതിനെത്തുടർന്നാണ് തപസ്വനിയുടെ കാഴ്ച നഷ്ടമാകുന്നത്. സ്കൂൾ എന്നും ഒന്നാം റാങ്ക് നേടിയിരുന്ന മകളെ അംഗപരിമിതരുടെ പ്രത്യേകം സ്കൂളിലേക്ക് അയക്കുമ്പോൾ ചങ്കുപിട‌‍ഞ്ഞിട്ടുണ്ടെന്ന് തപസ്വനിയുടെ അച്ഛൻ പറയുന്നു.

കടന്നുവന്ന മുൾ നിറഞ്ഞ വഴികളുടെ അവസാനം ജീവിതം തപസ്വനിയ്ക്ക് വിരിച്ചത് വിജയത്തിന്റെ പരവതാനിയാണ്.