ടൂറിസം മേഖലയില്‍ ഇനി പ്ലാസ്റ്റിക്കില്ല



തിരുവനന്തപുരം: ഇന്നു മുതല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും ഉള്‍പ്പെടെ 225 ടൂറിസം സംരംഭകര്‍ 19 ഇനം പ്ലാസ്റ്റിക് ഐറ്റങ്ങള്‍ ഒഴിവാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 9 ടൂറിസം കേന്ദ്രങ്ങള്‍ക്ക് 2021ല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

കുമരകത്തെ ആദ്യ സമ്ബൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കും. പ്ലാസ്റ്റിക് നിര്‍മിതമായ ക്യാരിബാഗുകള്‍, ട്രേ, ഡിസ്പോസബിള്‍ ഗ്ലാസ്, ബോട്ടിലുകള്‍, സ്ട്രോ, പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍,തെര്‍മോകോള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, സ്പൂണ്‍, ജ്യൂസ് പാക്കറ്റുകള്‍, പിവിസി ഫ്ലെക്സ് ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കാനുള്ള ധാരണാപത്രങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷനു കൈമാറി. ഇതോടെ 3000 മുറികള്‍ പ്ലാസ്റ്റിക് വിമുക്തമാകും.

2019 ജൂലൈ 25, 26 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ രണ്ട് ദിവസത്തെ ടൂറിസം സംരഭകരുടെ ശില്‍പ്പശാലയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ബദല്‍ ഉത്പ്പന്നങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 70,000 ക്ലോത്ത് ബാഗുകള്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ടൂറിസം സംരംഭങ്ങള്‍ക്ക് വഴി നല്‍കി വരികയാണ്.