കൈക്കുഞ്ഞുമായി അഭയം തേടിയെത്തിയ കുടുംബത്തിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം
കട്ടപ്പന: വഴിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, ഒരു മാസം പ്രായമായ കുഞ്ഞുമായി സ്റ്റേഷനില്‍ അഭയം തേടിയ അഞ്ചംഗ കുടുംബത്തിനുനേരേ കട്ടപ്പന സി.ഐ. അതിക്രമം കാട്ടിയതായി പരാതി. പാമ്ബാടുംപാറ സന്യാസിയോട കിഴക്കേമടത്തില്‍ കൃഷ്ണന്‍കുട്ടി, മകന്‍ കൃപമോന്‍, ഭാര്യ വത്സമ്മ, മകള്‍ കൃപമോള്‍, മകളുടെ ഭര്‍ത്താവ് അഭിജിത്ത് എന്നിവരാണ് കട്ടപ്പന ഡിവൈ.എസ്.പി.ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
രാത്രിയില്‍ വഴിയില്‍വെച്ച് സി.ഐ.യും പരാതിക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. മര്‍ദനം ഭയന്ന്, അഭയം തേടി സ്റ്റേഷനിലെത്തിയത് ആളെ മനസ്സിലാകാതെയാണ്. എന്നാല്‍, പിന്നാലെയെത്തിയ സി.ഐ. മദ്യലഹരിയില്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദിച്ചെന്നും സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറഞ്ഞെന്നുമാണ് പരാതി.
കൈക്കുഞ്ഞുമായി ഇവര്‍ക്ക് ഏറെനേരം സ്റ്റേഷനില്‍ കഴിയേണ്ടതായും വന്നു. സംഭവത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി. അന്വേഷണം തുടങ്ങി.
സംഭവം ആശുപത്രിയില്‍നിന്ന് മടങ്ങുംവഴി
ചൊവ്വാഴ്ചരാത്രി കുട്ടിയുമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ പോയി മടങ്ങിവരികയായിരുന്നു കുടുംബം. ഇതിനിടെ മാട്ടുക്കട്ടയില്‍ വെച്ച് ഇവരുടെ ജീപ്പിന് മുന്നില്‍ പോയ സി.ഐയുടെ കാര്‍ മുന്നറിയിപ്പില്ലാതെ വളവില്‍ നിര്‍ത്തി. ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ കുട്ടിയുടെ ശരീരം സീറ്റിലിടിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥനാണെന്നറിയാതെ ജീപ്പിലുണ്ടായിരുന്നവര്‍ സി.ഐയുമായി തര്‍ക്കിച്ചു. എന്നാല്‍ സി.ഐ. ഇവരോട് തട്ടിക്കയറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് വാഹനം തടയാനും ശ്രമിച്ചു. ഇതോടെ ഭയന്ന ഇവര്‍ കട്ടപ്പന സ്റ്റേഷനില്‍ അഭയം തേടി. പിന്നാലെ സി.ഐ.യും എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത് അദ്ദേഹവുമായാണെന്നറിയുന്നത്. സി.ഐ. വാഹനത്തില്‍നിന്നു കൃപമോനെ പിടിച്ചിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച കൃഷ്ണന്‍കുട്ടിക്കും മര്‍ദനമേറ്റു. കൃപമോളെ അസഭ്യം പറഞ്ഞ് വലിച്ചിഴച്ചെന്നും പരാതിയില്‍ പറയുന്നു.
മര്‍ദനം, പിന്നാലെ അറസ്റ്റ്
സ്റ്റേഷനിലെ സംഭവങ്ങള്‍ക്കുശേഷം അസഭ്യം പറഞ്ഞ കുറ്റത്തിന് കൃപമോനും കൃഷ്ണന്‍കുട്ടിക്കുമെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച ശേഷം സി.ഐ. പുറത്തേക്കു പോയി. കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും പോലീസ് ജീപ്പില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി.
ഈ സമയം മുഴുവന്‍ കൈക്കുഞ്ഞുമായി മറ്റ് കുടുംബാംഗങ്ങള്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുകയായിരുന്നു. ആശുപത്രിയില്‍നിന്ന് രാത്രി 10 മണിയോടെ സ്റ്റേഷനിലെത്തിച്ച കൃഷ്ണന്‍കുട്ടിയേയും കൃപമോനെയും ജാമ്യത്തില്‍ വിട്ടയച്ചു. സംഭവം അറിഞ്ഞയുടന്‍ ഡിവൈ.എസ്.പി. സി.ഐ.യെ ബന്ധപ്പെട്ടു.തുടര്‍ന്ന് സി.ഐ. സ്വയം ആശുപത്രിയില്‍ പോയി പരിശോധന നടത്തി. വൈദ്യ പരിശോധനയില്‍ ഇദ്ദേഹം മദ്യപിച്ചതായി തെളിഞ്ഞില്ലെന്ന് കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി.രാജ്‌മോഹന്‍ പറഞ്ഞു.
0 Comments