മുന്‍ കേന്ദ്ര മന്ത്രി ഗാന്ധിജിയെ അപമാനിച്ച സംഭവം: ബിജെപി കുരുക്കില്‍
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമായിരുന്നെന്ന ബി.ജെ.പി. എം.പി.യും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. പരാമര്‍ശം വെട്ടിലാക്കിയതോടെ ബി.ജെ.പി. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ ഹെഗ്ഡേയ്ക്കു കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. അദ്ദേഹത്തോട് മാപ്പുപറയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം പ്രതികരിച്ചിട്ടില്ല.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടു മാപ്പു പറയണമെന്നും ഹെഗ്‌ഡെയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദേശീയപ്രസ്ഥാനത്തെ താഴ്ത്തിക്കെട്ടുകയാണ് ബി.ജെ.പി.യുടെ എന്നത്തെയും ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍, ഹെഗ്‌ഡെയുടെ അധിക്ഷേപാര്‍ഹമായ പ്രസ്താവനയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
'കാട്ടാഗ്രഹ' (തോക്കിന്റെ ഭരണം)യില്‍ വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് 'സത്യാഗ്രഹ'യില്‍ വിശ്വാസമുണ്ടാവുകയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പരിഹസിച്ചു. 'ഇതു മോദിയുടെ ഭാരതമാണ്. അവിടെ ഓരോദിവസവും ബാപ്പുവിന്റെ ചിന്തകളും വഴികളും ആക്രമിക്കപ്പെടുന്നു. ഹെഗ്‌ഡെയ്ക്കെതിരേ മോദി നടപടിയെടുക്കുമോ? ഇല്ലെങ്കില്‍ അത്, ശബ്ദം ഹെഗ്‌ഡെയുടേതാണെന്നും ആശയം മോദിയുടേതാണെന്നും വ്യക്തമാക്കലാവും'- സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി.യുടെ പേര് നാഥുറാം ഗോഡ്‌സെ പാര്‍ട്ടി എന്നാക്കേണ്ട സമയം അതിക്രമിച്ചതായി കോണ്‍ഗ്രസ് വക്താവ് ജെയ്‌വീര്‍ ഷെര്‍ഗില്‍ ട്വിറ്ററില്‍ പരിഹസിച്ചു.
ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ ശനിയാഴ്ചയാണ് ഹെഗ്‌ഡെ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ചത്. രാജ്യത്തു നടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നെന്നും ഗാന്ധിജിയെ മഹാത്മാവെന്നു വിളിക്കുന്നതില്‍ ലജ്ജയുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു. സംഭവത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതില്‍ ബി.ജെ.പി. നേതൃത്വം അസ്വസ്ഥതയിലാണ്. മറ്റൊരു എം.പി. പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഗാന്ധിവിരുദ്ധപരാമര്‍ശം നേരത്തേ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിനിര്‍ദേശപ്രകാരം ഇവര്‍ പിന്നീട് പരാമര്‍ശം തിരുത്തി മാപ്പുപറഞ്ഞു
0 Comments