പകല്‍ സമയത്ത് വെയിലത്ത് ജോലി: സമയക്രമം പരിഷ്‌കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു

തിരുവനന്തപുരം: വേനല്‍ക്കാലം അടുത്തതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നത് പരിഗണിച്ച്‌ വെയിലത്ത് ജോലി ചെയ്യുന്നതിന്റെ സമയക്രമം പരിഷ്കരിച്ചു. പകല്‍ സമയത്ത് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ എല്ലാ തൊഴിലാളികള്‍ക്കും വിശ്രമം പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതിയ സമക്രമം പ്രാബല്യത്തിലുണ്ടാവുക.

മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

"സംസ്ഥാനത്തെ പകല്‍ സമയത്തെ ഉയര്‍ന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്‌ ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമപ്പെടുത്തി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവില്‍ നിര്‍ദേശച്ചിട്ടുണ്ട്."