
ആലക്കോട്: ലോക പൈതൃക സംരക്ഷിതമായി പ്രഖ്യാപിച്ചിട്ടുള്ള പൈതല്‍മലയോട് ചേര്‍ന്ന പാത്തന്‍പാറ, മഞ്ഞുമല, മാവുഞ്ചാല്‍ കരിങ്കല്‍ ക്വാറികള്‍ വന്‍ ഭീഷണിയുയര്‍ത്തുന്നു. പരിസ്ഥിതിപ്രശ്നങ്ങള്‍ കാരണം എല്ലാ മനുഷ്യാവകാശങ്ങളും നിഷധിക്കുന്നതായി പരാതിയുണ്ട്. ഇതുകാരണം ഒട്ടേറെ കുടുംബങ്ങള്‍ താമസംമാറ്റിക്കഴിഞ്ഞു. കുടിവെള്ളം വിഷമാലിന്യം ഒഴുകിയിറങ്ങി മലിനപ്പെടുന്നു. ക്വാറിപ്രദേശത്ത് പാറപ്പൊടിയും സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളും പടരുന്നതിനാല്‍ ശുദ്ധവായു കിട്ടുന്നില്ല. ശ്വാസകോശ-ത്വക് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാക്കുന്നുണ്ട്. ഒട്ടേറെ കുടുംബങ്ങള്‍ പൈപ്പിലൂടെ വീടുകളിലേക്ക് വെള്ളമെടുക്കുന്ന ജലസ്രോതസ്സുകള്‍ മലിനപ്പെടുകയാണ്. ക്വാറിയില്‍ പാറക്കെട്ടില്‍ ഒട്ടേറെയിടങ്ങളില്‍ ഒരേസമയം വെടിമരുന്നുനിറച്ച് സ്ഫോടനം നടത്തുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ വീടുകളുടെ ഭിത്തിയും തറയും വിണ്ടുകീറുകയും വീടുകള്‍ക്ക് ബലക്ഷയമുണ്ടാക്കയും ചെയ്യുന്നു. വീടുകളില്‍ കിടന്നുറങ്ങാന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുന്നുണ്ട്. വ്യാജരേഖകളിലൂടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും ഒത്താശകാരണം ജനങ്ങളുടെ പരാതികള്‍ അവഗണിക്കപ്പെടുകയാണ്. ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മഞ്ഞുമലയില്‍ ജനകീയസമിതിയുടെ നേതൃത്വത്തില്‍ 143 ദിവസമായി അനിശ്ചിതകാലസമരം നടക്കുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ചര്‍ച്ചപോലും നടന്നിട്ടില്ല. നീതിക്കും ചൂഷണങ്ങള്‍ക്കുമെതിരേ ധാര്‍മികരോഷമുയര്‍ത്തുന്ന സാമുദായിക-യുവജന സംഘടന അഞ്ചുമാസത്തോളമായി നാടിന്റെ നിലനില്‍പ്പിനായുള്ള സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. പോലീസും തദ്ദേശഭരണ സ്ഥാപനങ്ങളും നിഷേധാത്മക സമീപനം സ്വീകരിക്കുകയും കള്ളക്കേസുകളെടുത്ത് പീഡിപ്പിക്കുകയുമാണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. പാത്തന്‍പാറയില്‍ കുടിവെള്ളം മലിനപ്പെടുത്തന്നതിനെതിരേയും വീടിന് കേടുവരുത്തിയതിനെതിരേയും അധികൃതര്‍ക്ക് പരാതിനല്‍കിയ കുടുംബത്തിന്റെ പരാതി പരിശോധിക്കാന്‍പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ക്വാറികള്‍ പൂട്ടി ജീവിക്കാനുള്ള അവകാശം വീണ്ടെടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ പറയുന്നു.
0 Comments