മുഖ്യമന്ത്രി ഇടപെട്ടു; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ കേസ് അവസാനിപ്പിച്ചെന്ന് പോലീസ്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ നല്‍കിയ കേസ് അവസാനിപ്പിച്ച്‌ പൊലീസ്. സെന്‍കുമാറിന്റെ പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് കടവില്‍ റഷീദിനും മാധ്യമപ്രവര്‍ത്തകനായ പി.ജി.സുരേഷ്കുമാറിനുമെതിരെ സെന്‍കുമാര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കടവില്‍ റഷീദിനെ ഭീഷണിപ്പെടുത്തിയതിനെതിരെ സമൂഹ മാധ്യമത്തില്‍ എഴുതിയതിനാണ് സുരേഷ്കുമാറിനെതിരെ കേസ് കൊടുത്തത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഡിജിപിയോട് ഈ വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ പ്രസ് ക്ലബ്ബില്‍ ജനുവരി 16ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ മോശമായി പെരുമാറിയത്. സെന്‍കുമാറിനൊപ്പം വന്ന രണ്ടുപേര്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചതാണു സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. കടവില്‍ റഷീദ് നല്‍കിയ പരാതിയില്‍ സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.