രാത്രി ഒറ്റമുറിക്കടയില്‍, പകല്‍ പാര്‍ക്കിലും... ജീവിതം വഴിമുട്ടി ഷാര്‍ജയില്‍ മലയാളി കുടുംബം
ഷാര്‍ജ: പകല്‍ മുഴുവന്‍ തുറസ്സായ പാര്‍ക്കില്‍, രാത്രി ഒറ്റമുറിക്കടയില്‍...ഇതിനിടയില്‍ ആരെങ്കിലും സഹായിച്ചാല്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കും... അതും കൃത്യമായി ലഭിക്കാറുമില്ല.
പ്രവാസജീവിതത്തിലെ കയ്‌പ്പേറിയ കാലത്തിലൂടെ കടന്നുപോവുകയാണ് ഷാര്‍ജയില്‍ ഒരു മലയാളി കുടുംബം. പയ്യന്നൂര്‍ കോറോം സ്വദേശി രവിയും ഭാര്യ ഇന്ദുവും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് സാമ്ബത്തികബാധ്യത കാരണം ദുരിതത്തിലായത്. പത്ത് വര്‍ഷമായി ഷാര്‍ജയിലുള്ള രവി അഞ്ചുവര്‍ഷത്തോളം ദുബായ് ദെയ്‌രയില്‍ ആയുര്‍വേദ മരുന്നുഷോപ്പ് നടത്തുകയായിരുന്നു. നല്ലനിലയില്‍ കച്ചവടം നടന്നിരുന്ന കടയില്‍ ക്രമേണ കച്ചവടം കുറഞ്ഞതോടെയാണ് കഷ്ടപ്പാടുകള്‍ തുടങ്ങിയത്. ഇന്ദുവിന് ഒരു കമ്ബനിയില്‍ ജോലിയുണ്ടായിരുന്നു, അങ്ങിനെയാണ് ഇന്ദുവിന്റെ ശമ്ബള സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍വെച്ച് 1,20,000 ദിര്‍ഹം വായ്പയെടുത്ത് രവി കട തുടങ്ങിയത്. നാലര വര്‍ഷംകൊണ്ട് ഇന്ദുവിന്റെ ശമ്ബളത്തില്‍നിന്ന് ബാങ്ക് വായ്പ അടച്ചുതീര്‍ക്കവേ പെട്ടെന്ന് അവരുടെ ജോലി നഷ്ടപ്പെട്ടു. ലോണ്‍ ഇനത്തില്‍ ബാങ്കില്‍ 17,000 ദിര്‍ഹത്തോളംകുടിശ്ശികയായി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച വക 58,000 ദിര്‍ഹം വേറെയും ബാധ്യതയുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടിട്ടും കടയിലെ തുച്ഛമായ വരുമാനമുപയോഗിച്ച് പിഴയടക്കം വായ്പ അടച്ചുതീര്‍ത്തെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വകയിലുള്ള തുകയൊന്നും തിരിച്ചടയ്ക്കാനായില്ല. പണം തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് ഇന്ദുവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ അവര്‍ക്ക് യാത്രാവിലക്ക് വരികയും ചെയ്തു.
പിഴയടക്കം ചുരുങ്ങിയത് 78,000 ദിര്‍ഹം ബാങ്കിലടച്ചാല്‍ മാത്രമേ ഇന്ദുവിന്റെ പേരിലുള്ള കേസ് അവസാനിക്കുകയുള്ളൂ. അതിനിടയില്‍ ഷാര്‍ജയിലെ താമസിക്കുന്ന ഫ്ളാറ്റ് വാടക കുടിശ്ശികയടക്കം 26,000 ദിര്‍ഹം കൊടുക്കാത്തതിനാല്‍ രവിയുടെ പേരില്‍ കെട്ടിടയുടമ നഗരസഭയില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭാധികൃതര്‍ ഫ്ളാറ്റ് പൂട്ടി നോട്ടീസ് പതിച്ചു. സാധനങ്ങളെല്ലാം മുറിയിലായതിനാല്‍ മാറ്റിയുടുക്കാന്‍ വസ്ത്രം പോലുമില്ലാത്ത നിലയിലാണ് കുടുംബം. ദേരയിലെ കടയുടെ വാടകയായും 24,000 ദിര്‍ഹം ഉടമയ്ക്ക് കൊടുക്കാനുണ്ട്, രണ്ടുദിവസത്തിനകം പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടുമെന്ന് ഉടമയും അന്ത്യശാസനം നല്‍കി. മകളുടെയും മകന്റെയും പഠനംമുടങ്ങുന്ന സാഹചര്യമാണിപ്പോള്‍. സ്കൂള്‍ഫീസിനത്തില്‍ ആറായിരം ദിര്‍ഹം കൊടുക്കാനുണ്ട്. നല്ലകാലത്ത് സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും പണം കടംനല്‍കി സഹായിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തരാനുള്ളവര്‍പോലും മുഖം തിരിക്കുകയാണെന്ന് ഇന്ദു പറയുന്നു.
ജനുവരി 19 മുതല്‍ ഷാര്‍ജ സൗദി പള്ളിയ്ക്ക് സമീപത്തുള്ള പാര്‍ക്കിലാണ് രവിയും കുടുംബവും കഴിയുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും ബുദ്ധിമുട്ടുകയാണ്. വാടക കുടിശ്ശികയുടെ പേരില്‍ ഉടമ കടയും അടച്ചുകഴിഞ്ഞാല്‍ പൂര്‍ണമായും രവിയുടെ കുടുംബം ഇരുട്ടിലാവും. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഇവര്‍. ഫോണ്‍: 052 4952672 , 056 8566550
0 Comments