ടൂറിസ്റ്റ് ബസുകളുടെ 'അരപ്പട്ട'യ്ക്ക് നിറംമാറ്റം; ചാരത്തിനുപകരം വയലറ്റും ഗോള്‍ഡും

വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ 'അരപ്പട്ട'യില്‍ ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും ഇടംപിടിക്കും. ടൂറിസ്റ്റ് ബസുടമകളുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് പുതിയ തീരുമാനം.

വെള്ള പശ്ചാത്തലത്തില്‍ ചാരനിറമുള്ള വരയാണ് നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. ഇതിനുപകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം.

മുന്‍വശത്ത് ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. 12 ഇഞ്ച് വീതിയില്‍ മുന്‍വശത്ത് സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ പേരെഴുതാം. ടൂറിസ്റ്റ് എന്നെഴുതാന്‍ മാത്രം അനുവദിക്കാനായിരുന്നു ആദ്യ തീരുമാനം.

പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതി നല്‍കി. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും.

തിരുവനന്തപുരം ആസ്ഥാനമായ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഏകീകൃതനിറം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. മാര്‍ച്ച്‌ മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്ബോള്‍ വെള്ളനിറത്തിലേക്ക് മാറണം.