രണ്ടു വര്‍ഷം മുമ്പ് കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ ചെന്നൈയില്‍ കണ്ടെത്തി
കണ്ണൂര്‍: രണ്ടുവര്‍ഷം മുന്‍പ് കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ ചെന്നൈയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിയായ യുവാവിനെയാണു വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ചെന്നൈയില്‍ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണു യുവാവിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ചെന്നൈയിലും സ്വദേശമായ ചങ്ങനാശേരിയിലുമുള്ള പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമായില്ല. ഇതിനിടെ, യുവാവിന്റെ പിതൃസഹോദരനായ കേണല്‍ കണ്ണൂരിലെ സൈനിക കേന്ദ്രമായ ഡിഎസ്സി സെന്ററില്‍ ട്രാന്‍സ്ഫറായി എത്തുകയും ഇദ്ദേഹം കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അമ്മയില്ലാത്ത അവന് അച്ഛനായിരുന്നു എല്ലാമെല്ലാമെന്നും എന്നാല്‍, കേന്ദ്ര ഗവണ്മെന്റില് അണ്ടര്‍ സെക്രട്ടറിയായിരുന്ന അച്ഛന് വിരമിച്ചു രണ്ടാം മാസം മരിച്ചതോടെ അനാഥനായിപ്പോയെന്ന ചിന്തയിലായിരിക്കാം സഹോദരന്റെ മകനെ കാണാതായതെന്നും കേണല്‍ ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ചെന്നൈയിലെയും ചങ്ങനാശേരിയിലെയും പോലീസ് അന്വേഷണത്തില്‍ തുന്പുണ്ടാകാതെ വന്നതോടെയാണ് അവസാന ഘട്ടമെന്നനിലയില്‍ കേണല്‍ കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപ് കണ്ണിപ്പൊയിലുമായി സംസാരിക്കുന്നത്.
പരാതി ലഭിച്ചതോടെ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, സഹപ്രവര്‍ത്തകരായ മുരളി, രാജീവന് എന്നിവര്‍ക്കൊപ്പം 18 ദിവസത്തോളം ചെന്നൈയില്‍ പോയി അന്വേഷിച്ചപ്പോഴാണ് ചെന്നൈയ്ക്കടുത്ത ഷോളിംഗ നെല്ലൂര്‍ എന്ന സ്ഥലത്തെ ഒരു പഴയ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്ന നിലയില്‍ യുവാവിനെ കാണുന്നത്. ഒരു ബേക്കറിയില്‍ ജോലിയെടുത്ത് അതതു ദിവസം ജീവിതം തള്ളിനീക്കുകയായിരുന്നു കോടികളുടെ ആസ്തിയുള്ള ഈ യുവാവ്. ആ പ്രദേശത്തെ ഒരു കടയില്‍നിന്ന് യുവാവിന്റെ പേരില്‍ വാങ്ങിയ കുറിപ്പാണ് പോലീസ് അന്വേഷണത്തിനു തുന്പായത്. തുടര്‍ന്ന് ഈ യുവാവിനെയും കൂട്ടി കണ്ണൂരിലെത്തികോടതിയില് ഹാജരാക്കുകയായിരുന്നു.
കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. പിതൃസഹോദരനായ കേണലിനൊപ്പം യുവാവ് പോയി. രണ്ടു വര്‍ഷത്തിനു ശേഷം സഹോദരന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കേണലും കുടുംബവും. ഏകമകനായ യുവാവിന്റെ പേരില്‍ പരേതരായ മാതാപിതാക്കള്‍ ഒന്നരക്കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയെടുത്തിരുന്നത് ഇപ്പോള്‍ കാലാവധിയെത്തുകയും ചെയ്തിട്ടുണ്ട്.
0 Comments