'സൂര്യന്‍' കനിഞ്ഞാല്‍ കേരളം രക്ഷപ്പെട്ടു , ഒരു വര്‍ഷത്തിനകം 1,000 മെഗാവാട്ട്‌ സൗരോര്‍ജം


ഊര്‍ജ കേരളമിഷന്റെ "സൗര" പദ്ധതിയില്‍നിന്ന്‌ ഒരു വര്‍ഷത്തിനകം കേരളത്തിനു കൈവരുന്നത്‌ ആയിരം മെഗാവാട്ടിന്റെ സൗരോര്‍ജ ശേഷി. ഇതിന്റെ ഭാഗമായി നിലവില്‍ 163 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായി. കൂടാതെ കാസര്‍ഗോഡ്‌ പൈവെളികയിലെ 55 മെഗാവാട്ട്‌ സോളാര്‍ പാര്‍ക്ക്‌, കായംകുളത്ത്‌ എന്‍.ടി.പി.സിയുമായി ചേര്‍ന്നു നടപ്പാക്കുന്ന 92 മെഗാവാട്ട്‌ ഫ്‌ളോട്ടിങ്‌ സോളാര്‍, വെസ്‌റ്റ്‌ കല്ലടയില്‍ എന്‍.എച്ച്‌.പി.സിയുമായി സഹകരിച്ച്‌ നടപ്പാക്കുന്ന 50 മെഗാവാട്ടിന്റെ ഫ്‌ളോട്ടിങ്‌ സോളാര്‍ എന്നീ പദ്ധതികളുടെ നിര്‍മാണത്തിന്‌ തുടക്കംകുറിക്കുകയും ചെയ്‌തതായി വൈദ്യുതി ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞു. ഇടുക്കി പദ്ധതിയുടെ ജലാശയങ്ങളുടെ വിവിധ ഭാഗങ്ങളിലായി 400 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ബാണാസുരസാഗര്‍ പദ്ധതി പ്രദേശത്ത്‌ 100 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ്‌ കൂടി യഥാര്‍ഥ്യമാകുന്നതോടെ 500 മെഗാവാട്ടിനുള്ള ഫ്‌ളോട്ടിങ്‌ സോളാര്‍ പദ്ധതി പൂര്‍ണമാകും. കൂടാതെ 200 മെഗാവാട്ട്‌ ഗ്രൗണ്ട്‌ മൗണ്ടഡ്‌ സോളാര്‍ നിലയങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്‌. കെ.എസ്‌.ഇ.ബിയുടെ ഉടമസ്‌ഥതയിലുള്ള ഭൂമിയില്‍ ബ്രഹ്‌മപുരം, അഗളി, കഞ്ചികോട്‌, എന്നിവിടങ്ങളിലായി എട്ടു മെഗാവാട്ട്‌ ശേഷിയുള്ള സൗരോര്‍ജ നിലയങ്ങളും സ്‌ഥാപിക്കും.
സൗര പദ്ധതിയുടെ ഭാഗമായുള്ള പുരപ്പുറ സോളാര്‍ പദ്ധതിയിലേക്ക്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്ന 2,78,264 പേരില്‍ 42,500 പേരാണ്‌ ആദ്യഘട്ടത്തിലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്‌. ഇതിലൂടെ 200 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. പുരപ്പുറത്തുനിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്‌.ഇ.ബിയുടെ ശൃംഖലയിലേക്കു കടത്തിവിടുന്നതിനുള്ള സൗകര്യം മാനദണ്ഡമാക്കിയാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്‌. ഇതില്‍ ആദ്യ 50 മെഗാവാട്ട്‌ ശേഷിയുള്ള നിലയങ്ങള്‍ സ്‌ഥാപിക്കുന്നതിനുള്ള കരാര്‍ ഈ മേഖലയിലെ പ്രമുഖ കമ്ബനികളായ ടാറ്റാ പവര്‍ സോളാര്‍ സിസ്‌റ്റം, വാരി എന്‍ജിനിയേഴ്‌സ്‌ ലിമിറ്റഡ്‌, ഇന്‍കല്‍ ലിമിറ്റഡ്‌ എന്നിവയുമായി ഒപ്പുവച്ചു. കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ എം.എസ്‌.ടി.സി. വികസിപ്പിച്ച ഇ-ടെന്‍ഡറിങ്‌ പ്ലാറ്റുഫോമിലൂടെയാണ്‌ കരാറുകാരെ കണ്ടെത്തിയത്‌. നിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. 2020 ജൂണ്‍ മാസത്തോടെ മുഴുവന്‍ ഉപഭോക്‌താക്കള്‍ക്കുമുള്ള നിലയങ്ങള്‍ പൂര്‍ത്തിയാകും. ഇതോടൊപ്പം ശേഷിക്കുന്ന 150 മെഗാവാട്ടിനായുള്ള റീ-ടെന്‍ഡറിങ്‌ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്‌.
ഈ പദ്ധതിയിലെ മോഡല്‍- 3 ല്‍ വരുന്ന ഉപഭോക്‌താക്കള്‍ 10 കിലോവാട്ട്‌ വരെയുള്ള നിലയത്തിന്‌, കിലോവാട്ടിന്‌ 53,000 രൂപ എന്ന നിരക്കിലും 100 കിലോവാട്ട്‌ വരെയുള്ളതിന്‌ കിലോവാട്ടിന്‌ 47,000 രൂപ എന്ന നിരക്കിലും, 100 ന്‌ മുകളില്‍ 44,000 എന്ന നിരക്കിലുമാണ്‌ കെ.എസ്‌.ഇ.ബിയില്‍ പണം അടയ്‌ക്കേണ്ടത്‌. അപേക്ഷാ ഫീസ്‌ അടക്കമുള്ള തുകയാണിത്‌. മോഡല്‍ 2 -ല്‍ വരുന്ന ഉപഭോക്‌താക്കള്‍ക്ക്‌ ഉപഭോഗത്തിനും, താരിഫിനും അനുസരിച്ച്‌ കുറഞ്ഞത്‌ 4.50 രുപ മുതല്‍ പരമാവധി 5.95 രൂപ വരെയുള്ള താരിഫാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. ഈ നിരക്ക്‌ വരുന്ന 25 വര്‍ഷം വരെ വ്യത്യാസമില്ലാതെ തുടരുമെന്നും ബോര്‍ഡ്‌ അധികൃതര്‍ വ്യക്‌തമാക്കി.