കണ്ണൂരിൽ മാധ്യമ പ്രവർത്തകരെയും കുടുംബത്തെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പിടിയിലായ പ്രതിയെ കണ്ണൂരിലെത്തിച്ചു
ഇപ്പോൾ പിടിയിലായിട്ടുള്ള ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഇലാഷ് ഷിക്കാരിയാണ് കവർച്ച സംഘത്തിൻറെ തലവൻ. കഴിഞ്ഞ വർഷമാണ് കണ്ണൂർ താഴെചൊവ്വയിൽ താമസിക്കുന്ന മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും കുടുംബത്തെയും മർദ്ദിച്ച് അവശരാക്കിയശേഷം കെട്ടിയിട്ട് സംഘം കവർച്ച നടത്തിയത്. കേസിൽ ഇതോടെ നാലു പ്രതികൾ പിടിയിലായി. ഇപ്പോഴും ഒളിവിൽ കഴിയുന്ന മറ്റ് രണ്ടു പേർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി മാണിക് സർദർ
കാക്കനാട് ജയിലിലേക്ക് മാറ്റുന്നതിന് ഇടയിൽ ചാടി പോകാൻ ശ്രമിച്ചിരുന്നു. ഇയാൾ ബംഗ്ലാദേശിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മനസ്സിലാക്കിയ പൊലീസ് അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് കേസിനെ സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിരുന്നു. സർദറിനെ കേരളത്തിൽ വച്ച് തന്നെ വീണ്ടും പിടികൂടിയെങ്കിലും അയാൾക്കുവേണ്ടി അതിർത്തിയിൽ നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശിൽ നിന്നും കൊൽക്കത്തയിലെത്തിയ
മുഹമ്മദ് ഇലാഷ് ഷിക്കാരി പിടിയിലായത് . ബംഗാൾ നൈറ്റ് റോബേഴ്സ് എന്നറിയപ്പെടുന്ന സംഘത്തിന് രാജ്യമെമ്പാടും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പങ്കുള്ളതായി കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദൻ വ്യക്തമാക്കി. ഒടുവിൽ പിടിയിലായ മുഹമ്മദ് ഇലാഷ് ഷിക്കാരി തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷൻ പരിധികളിൽ നടന്ന 2 രണ്ട് കവർച്ച കേസുകളിൽ കൂടി പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു
0 Comments