അപകടനിലയിലായ കലുങ്കിന് മുകളിലൂടെ റോഡ് പുനര്‍നിര്‍മാണം
കരിവെള്ളൂര്‍: കമ്ബികള്‍ പുറത്തുവന്ന് അപകടനിലയിലായ കലുങ്കിനു മുകളിലൂടെ റോഡ് പുനര്‍നിര്‍മിക്കുന്നത് വിവാദമാകുന്നു. സ്വാമിമുക്ക്-പുത്തൂര്‍-പെരളം-വെള്ളൂര്‍ ആല്‍ റോഡിന്റെ പുത്തൂര്‍ പടിഞ്ഞാറെക്കര ഭാഗത്താണ് കര്‍ഷകരുടെ എതിര്‍പ്പിനെ അവഗണിച്ച് റോഡ് നിര്‍മിക്കുന്നത്.
സ്വാമിമുക്കില്‍നിന്ന് പുത്തൂര്‍ വഴി വെള്ളൂര്‍ ആല്‍വരെയുള്ള റോഡിലെ കലുങ്കുകള്‍ പുനര്‍നിര്‍മിച്ച് മെക്കാഡം ടാറിങ് നടത്തുന്നതിന് സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. 15 മാസം മുമ്ബ് പണി ആരംഭിച്ചിരുന്നുവെങ്കിലും ചില കലുങ്കുകള്‍ പുനര്‍നിര്‍മിച്ചതല്ലാതെ മറ്റ് കാര്യമായ ജോലികളൊന്നും നടന്നില്ല. റോഡ് പണി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും കോണ്‍ഗ്രസും പ്രക്ഷോഭം നടത്തിയിരുന്നു. കഴിഞ്ഞദിവസം പണി പുനരാരംഭിച്ചപ്പോഴാണ് അപകടനിലയിലായ കലുങ്കിന്റെ മുകളിലൂടെ റോഡ് നിര്‍മിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉയര്‍ന്ന പ്രദേശങ്ങളായ പുത്തൂര്‍ കിഴക്ക് പടിഞ്ഞാറ് കരകളെ യോജിപ്പിക്കുന്നതാണ് പുത്തൂര്‍ വയല്‍. ഈ വയലിന്റെ മധ്യഭാഗത്തു കൂടിയാണ് 25 വര്‍ഷത്തോളം പഴക്കമുള്ള റോഡ് കടന്നുപോകുന്നത്.
റോഡില്‍ ഒരുപാലവും മൂന്ന് കലുങ്കുകളും ഉണ്ടായിരുന്നു. പുത്തൂരിലേയും പരിസര പ്രദേശങ്ങളിലെയും നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നത് ഈ ഭാഗത്തുകൂടിയാണ്. രണ്ട് കലുങ്കുകളും പാലവും നേരത്തേതന്നെ പുനര്‍നിര്‍മിച്ചിരുന്നു. മൂന്നാമത്തെ കലുങ്കിന്റെ ഒരുഭാഗം സമാന്തര നടപ്പാതയ്ക്കു വേണ്ടി മണ്ണിട്ടു മൂടിയിരുന്നു. ഇതിന്റെ മറവിലാണ് കലുങ്ക് പുനര്‍നിര്‍മിക്കാതെ റോഡ് നിര്‍മിച്ചത്. ഒന്നരമീറ്റര്‍ വീതിയും 15 മീറ്ററോളം നീളവുമുള്ള കലുങ്കിന്റെ അരികുകള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉള്‍ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കമ്ബികള്‍ പുറത്തുവന്ന നിലയിലാണ്. കലുങ്കിന്റെ മറുഭാഗവും മണ്ണിട്ടുമൂടാനാണ് കരാറുകാരന്റെ നീക്കമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കലുങ്ക് പുനര്‍നിര്‍മിക്കാതെ നീരൊഴുക്ക് തടസ്സപ്പെടുത്തിയാല്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.
0 Comments