വെള്ളമുണ്ട(വയനാട്): വിതരണത്തിനെത്തിച്ച 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്ബും കാണാതായ സംഭവത്തില്‍ റേഷന്‍കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. 257 ചാക്ക് ധാന്യം റേഷന്‍കടയില്‍നിന്ന് മോഷണം പോയെന്ന് പ്രചരിപ്പിച്ച് കബളിപ്പിച്ച കേസിലാണ് വാരാമ്ബറ്റ വാഴയില്‍ അഷ്‌റഫ് (45) അറസ്റ്റിലായത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജനുവരി 23-നാണ് കേസിനാസ്പദമായ സംഭവം. റേഷന്‍കടയുടെ പൂട്ടുപൊളിച്ച് ഷട്ടര്‍ ഉയര്‍ത്തി ധാന്യംനിറച്ച ചാക്കുകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് അഷ്‌റഫ് കള്ളക്കഥയുണ്ടാക്കിയത്. ഇയാള്‍തന്നെ വെള്ളമുണ്ട പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ ഇത്രയധികം ധാന്യച്ചാക്കുകള്‍ ഒറ്റ രാത്രികൊണ്ടു കളവുപോയെന്ന കഥ തുടക്കംമുതല്‍ ആരും വിശ്വസിച്ചിരുന്നില്ല.
വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. കടയുടമയെ പോലീസ് ചോദ്യം ചെയ്തെങ്കിലും മോഷണക്കഥ ആവര്‍ത്തിച്ച് കേസന്വേഷണത്തെ വഴി തിരിച്ചുവിടാനാണ് ഇയാള്‍ ശ്രമിച്ചത്.
വാഹനങ്ങള്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി.കള്‍ നിരീക്ഷിച്ചും അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ മോഷണം കെട്ടുകഥയാണെന്ന് പോലീസ് ഉറപ്പിച്ചു. പിന്നീടുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തൊണ്ടിമുതല്‍ കണ്ടെടുക്കാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
0 Comments