തിരുവാഭരണത്തിന്റെ കണക്ക് നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുപോകുന്ന തിരുവാഭരണത്തിന്റെ കണക്ക് നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി ചുമതലപ്പെടുത്തി. നാലാഴ്ചയ്ക്കകം അദ്ദേഹം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണം. പന്തളം രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടും കോടതി അഭ്യര്‍ത്ഥിച്ചു.
പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രേവതി നാള്‍ പി. രാമവര്‍മരാജ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ഒപ്പിനെക്കുറിച്ച് സംശയം ഉടലെടുത്തപ്പോള്‍, ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പത്തനംതിട്ട ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ടു. രാമവര്‍മ രാജയ്ക്ക് നൂറ് വയസ്സായെന്നും ആസ്പത്രിയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സായി ദീപക് അറിയിച്ചു. ആവശ്യമെങ്കില്‍ അദ്ദേഹത്തെ സുപ്രീം കോടതിയില്‍ ഹാജരാക്കാമെന്നും സായി ദീപക് പറഞ്ഞു.
ശബരിമലയില്‍ 2006-ല്‍ നടത്തിയ ദേവപ്രശ്‌നം ചോദ്യം ചെയ്ത് രാമവര്‍മ രാജ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. ശബരിമല ക്ഷേത്രഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കുന്ന വിഷയത്തിലേക്കും സുപ്രീം കോടതി കടന്നിരുന്നു. എന്നാല്‍, അതിനിടെയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്നം കോടതിക്ക് മുന്നിലെത്തിയത്. രാജകുടുംബത്തിലെ ഒരു വിഭാഗം തിരുവാഭരണം കൈയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന് മറുഭാഗം ആരോപണമുന്നയിച്ചതോടെയാണ് സുപ്രീംകോടതി അതിന്റെ കണക്കെടുപ്പിലേക്ക് നീങ്ങിയത്.
തിരുവാഭരണത്തിന്റെ മൂല്യമെത്രയാണെന്ന് കോടതി പരിശോധിച്ചപ്പോള്‍, അത് കണക്കാക്കാനാവില്ലെന്നും അമൂല്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. തിരുവാഭരണം ക്ഷേത്രത്തിന്റേതല്ലെന്നും അത് കൊട്ടാരത്തിന്റേതായതിനാല്‍ അവിടെ തന്നെയാണ് വെക്കേണ്ടതെന്നും രാജകുടുംബത്തിലെ 12 അംഗങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ വാദമുയര്‍ന്നെങ്കിലും കോടതി അതിലേക്ക് കടന്നില്ല. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം മാത്രമാണ് തല്‍ക്കാലം പരിശോധിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
0 Comments