കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചത് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഹൗസ് ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ബുക്കിംങ് കുറഞ്ഞു. വിദേശ സഞ്ചാരികളുടെ സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞത് വരും ദിവസങ്ങളില്‍ മേഖലയെ കൂടുതല്‍ തളര്‍ത്തുമെന്ന ആശങ്കയുണ്ട്.

പുന്നമടയിലെ ഫിനിഷിംഗ് പോയിന്‍റില്‍ ഇപ്പോള്‍ പതിവ് തിരക്കില്ല. കായല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. ആലപ്പുഴയില്‍ ജൂണ്‍ മാസം വരെ വിനോദസഞ്ചാര സീസണാണ്. പക്ഷെ ഹൗസ് ബോട്ടുകള്‍ സഞ്ചാരികളുടെ വരവും കാത്ത് കിടപ്പാണ്.

റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കില്ല. വിദേശവിനോദസഞ്ചാരികള്‍ ബുക്കിംഗ് റദ്ദാക്കുന്നത് കൂടി വരുന്നു.
ഭക്ഷണശാലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വരുമാനം കുറഞ്ഞു. അതേസമയം, കൊറോണ ഭീതി നേരിടാന്‍ ടൂറിസം മേഖലയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുന്നു. വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ ആകെ 100 പേര്‍ നിരീക്ഷണത്തിലാണ്. 2421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 182 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 15 പേര്‍ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലാണ്. 25 സാമ്ബിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ പതിനൊന്ന് എണ്ണത്തിന്‍റെ ഫലം ലഭിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ സാമ്ബിള്‍ ഒഴികെ മറ്റെല്ലാം നെഗറ്റീവ് ആണ്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങളുമായി എത്തിയാല്‍ ചികിത്സ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളിലടക്കം ഐസലേഷന്‍ വാ‍ര്‍ഡുകളും സജ്ജമാണ്.