നിര്‍ഭയ: രാഷ്ട്രപതി ദയാഹരജി നിരസിച്ചതിനെതിരായ വിനയ് ശര്‍മ്മയുടെ ഹർജി തള്ളി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദയാഹരജി നിരസിച്ചതിനെതിരെ നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. കഴിഞ്ഞ ദിവസം ഹരജി വിധിപറയാന്‍ മാറ്റിയിരുന്നു.
ഫെബ്രുവരി ഒന്നിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിനയ് ശര്‍മ്മയുടെ ദയാഹരജി തള്ളിയത്. നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചല്ല രാഷ്ട്രപതി ദയാഹരജി തള്ളിയതെന്ന വാദമാണ് കോടതിയില്‍ വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. വിനയ് ശര്‍മ്മയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്, സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവയൊന്നും രാഷ്പ്രതിയുടെ മുമ്ബിലെത്തിയില്ലെന്നാണ് വാദം. എന്നാല്‍, സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല.
ദയാഹരജി തള്ളിയതിനെതിരെ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മുകേഷ് കുമാര്‍ സിങ്, പവന് ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ വിചാരണ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
അതേസമയം, മറ്റൊരു പ്രതി പവന് ഗുപ്തക്ക് പിഴവു തിരുത്തല്‍ ഹരജി സമര്‍പ്പിക്കാന്‍ വിചാരണ കോടതി അഭിഭാഷകനെ നിയോഗിച്ചു. നിയമസഹായ അതോറിറ്റി നിര്‍ദേശിച്ച അഭിഭാഷകനെ ഇദ്ദേഹം നിരസിച്ചതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്. പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജികളില്‍ വാദം കേള്‍ക്കുന്നത് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
0 Comments