രോഗികള്‍ക്ക് ആശ്വാസം: അവയവ മാറ്റ ശസ്ത്രക്രിയയുടെ മരുന്നുകളുടെ വില ഗണ്യമായി കുറയും

തിരുവനന്തപുരം: അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസമായി ശസ്ത്രക്രിയയുടെ മരുന്നുകളുടെ വില ഗണ്യമായി കുറയും. മരുന്ന് വില കുറയുന്നതോടെ പ്രതിമാസം 1000 രൂപ നിരക്കിലേക്ക് മരുന്നുകളുടെ തുക നിജപ്പെടുത്താം. കേരള സ്റ്റേറ്റ് ഡ്രഗ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് മരുന്നുകളുടെ വിലക്കുറവിന് കാരണം.

സംസ്ഥാനത്ത് പ്രതി വര്‍ഷം 300ഓളം അവയവമാറ്റ ശസ്ത്രക്രിയകളാണ് നടക്കുന്നത്. മരുന്നുകളുടെ വില പലപ്പോഴും രോഗികളെ സാമ്ബത്തിക തകര്‍ച്ചയിലേക്ക് നയിക്കാറുണ്ട്. നിലവില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ദിവസേന 750 രൂപയുടെ മരുന്നുകളാണ് ഒരാള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നത്. മരുന്നിന്റെ വില കുറഞ്ഞാല്‍ പ്രതിമാസ ചെലവ് 1000 രൂപയിലേക്ക് താഴും. തീരുമാനത്തെ ആരോഗ്യരംഗത്തുള്ളവര്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് ഏറെ ആശ്വാസമാണ് സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം.