അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മലയില്‍ റവന്യു ഭൂമി കൈയേറിയതായി  പരാതി: റവന്യു സംഘം പരിശോധന നടത്തി

ഇരിട്ടി: അയ്യന്‍കുന്ന്  പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചു നലകിയ ഭൂമി കൈയേറിയതായുള്ള പരാതിയില്‍ റവന്യു വിഭാഗം പരിശോധന തുടങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം താലൂക്ക് സര്‍വ്വെയറുടേയും വില്ലേജ് അധികൃതരുടേയും നേതൃത്വത്തിലാണ് പരിശോധന. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് പതിച്ചു നല്കിയ ഭൂമി ചിലര്‍ കൈയേറി അധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്ന പരാതിയിലാണ് പരിശോധ. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന പന്നി ഫാമുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ പന്നി ഫാമുകള്‍ പൂട്ടാനും അനധികൃത കൈയേറ്റങ്ങള്‍ പരിശോധിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
   പരിശോധനയില്‍ പരാതിക്കരായ അഞ്ചുപേര്‍ക്ക് അവരുടെ പ്ലോട്ട് കാണിച്ചു കൊടുത്തു. നോട്ടീസ്  കൈപറ്റിയ കൈവശക്കാരില്‍ പലരും പരിശോധനയ്ക്ക് എത്തിയുമില്ല. മേഖലയില്‍ 15 ഏക്കറോളം ഭൂമി കൈയേറിയിടുണ്ടെന്നാണ് പരാതി. ഇതു സംബന്ധിച്ച് കോടതിയിലും കേസ് നിലനില്ക്കുന്നണ്ട്.മൂന്ന് ഭാഗവും റിസര്‍വ്വ വന മേഖലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ വനം വകുപ്പിന്റെ സര്‍വ്വെയറുടെ സാന്നിദ്ധ്യത്തില്‍ മാത്രമെ അളക്കാന്‍ പറ്റു. ഇതിനായി വനം വകുപ്പില്‍ നിന്നും സഹായം തേടി കലക്ടര്‍ മുഖാന്തരം ഉടന്‍ കത്തു നല്‍കും.പ്രദേശത്ത് വനഭൂമിയും കൈയേറിയതായുള്ള പരാതി നിലനില്ക്കുന്നുണ്ട്. ഡപ്യുട്ടി തഹസില്‍ദാര്‍മാരായ എം.സി സീനത്ത്, കെ.ഷീന, ഹെഡ് ക്ലാര്‍ക്ക് സി.ടി പ്രസാദ്, കെ.ഷീജ, അയ്യന്‍കുന്ന് വില്ലേജ് ഓഫീസര്‍ പി.എസ്. സുലോചന, താലൂക്ക് സര്‍വെയര്‍മാരായ ജില്‍സ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.