ചെങ്കല്‍ ക്വാറി സമരം തുടരുന്നു; ജോലിയും കൂലിയുമില്ലാതെ ആയിരങ്ങള്‍


ചെങ്കല്‍ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കണ്ണൂരിലെ ചെങ്കല്‍ മേഖല പൂര്‍ണമായും നിശ്ചലമായി. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലേക്ക് ക്വാറി ഉടമകള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ചെങ്കല്‍ വ്യവസായം പ്രതിസന്ധിയിലാകുമ്പോള്‍ വറുതിയുടെ ദിനങ്ങള്‍ തള്ളി നീക്കുകയാണ് ഇതിനെ ആശ്രയിച്ചു കഴിയുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍.  ജില്ലാ ഭരണകൂടം നിരവധി പരിസ്ഥിതി പ്രശ്‌നങ്ങളും പ്രളയ പശ്ചാത്തലവും കണക്കിലെടുത്ത് ചെങ്കല്‍ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഈ മേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ചെങ്കല്‍ ക്വാറികള്‍ക്കെതിരെ ജിയോളജി വകുപ്പും ഇതുമായി ബന്ധപ്പെട്ട വിവിധ അധികൃതരും സ്വീകരിക്കുന്ന കര്‍ശന നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയിലെ ചെങ്കല്‍ പണകള്‍ അടച്ചു പൂട്ടി അനിശ്ചിതകാല സമരമാണ് ചെങ്കല്‍ ക്വാറി വ്യവസായി അസോസിയേഷന്‍ നടത്തുന്നത്. ജില്ലയില്‍ അറുനൂറിലധികം ചെങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒട്ടുമിക്കതും പ്രളയത്തിനു ശേഷം പ്രവര്‍ത്തിക്കുന്നില്ല. ഇതിനെ ആശ്രയിച്ചു കഴിയുന്ന ലോഡിംഗ് തൊഴിലാളികളടക്കം 10,000ത്തോളം പേര്‍ തൊഴിലില്ലാതെ പ്രതിസന്ധിയിലാണ്. തദ്ദേശീയരും, ഇതര സംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നതാണ് ചെങ്കല്‍ ക്വാറികള്‍. ഇതര സംസ്ഥാനക്കാര്‍ പ്രളയത്തിന് ശേഷം കുറേ പേര്‍ നാട്ടില്‍ പോയെങ്കിലും പണിയും പ്രതീക്ഷിച്ച് കുടുംബസമേതം കഴിയുന്നവരും ഇപ്പോഴും അവശേഷിക്കുകയാണ്.  ചെങ്കല്‍ ഇല്ലാത്തതിനാല്‍ നിര്‍മാണ മേഖലയും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഓണത്തിന് ചെങ്കല്‍ മേഖലയിലും, നിര്‍മാണ മേഖലയിലുമുള്ള പ്രതിസന്ധി ചുമട്ട് തൊഴിലാളികള്‍ക്കുള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചതായി പറയുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ലോഡിറക്കാന്‍ ടൗണില്‍ ഇരുന്നിട്ട് നിര്‍മാണ മേഖലയെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാര്‍ക്ക് കച്ചവടമില്ലാത്തതിനാല്‍ തങ്ങള്‍ക്കു പണിയുണ്ടായില്ലെന്ന് മലയോരത്തെ ഒരു ചുമട്ട് തൊഴിലാളി പറയുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി ജിയോളജി വകുപ്പ് പണകള്‍ക്ക് അനുമതി പത്രം തരാറില്ലെന്നും ചെങ്കല്‍ ക്വാറി ഉടമകള്‍ പറയുന്നു. മലയോര മേഖലയില്‍ മലപ്പട്ടം, പെരുവളത്ത് പറമ്പ് ചേപ്പറമ്പ്  കുറുമാത്തൂര്‍, ഊരത്തുര്‍, കല്യാട്, പടിയൂര്‍ എന്നിവിടങ്ങളിലാണ് ചെങ്കല്‍ ക്വാറികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്.