12 കോടി സമ്മാനമടിച്ചത് കരുനാഗപ്പള്ളിയിലെ ഈ ആറ് പേര്‍ക്ക്

ആലപ്പുഴ: ടി-എം-1-6-0-8 ... ഇത് വരെ ശരിയാണോ ചേട്ടന്‍മാരേ? കേരളസര്‍ക്കാരിന്‍റെ ഓണം ബമ്ബര്‍ ലോട്ടറിയുടെ ആദ്യത്തെ ആറക്കം വായിക്കും വരെ, കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് സെയില്‍സ്‍മാന്‍മാര്‍ക്ക് വലിയ ഞെട്ടലൊന്നുമുണ്ടായിരുന്നില്ല. കേട്ടിട്ട്ണ്ട്, കേട്ടിട്ട്ണ്ട് .. എന്ന് കിലുക്കത്തിലെ കിട്ടുണ്ണിയേട്ടന്‍ നില്‍ക്കുന്നത് പോലെ ഇരുന്ന അവര്‍, അവസാനത്തെ രണ്ടക്കം കേട്ടപ്പോഴാണ് ഞെട്ടിത്തരിച്ച്‌ അന്തം വിട്ട് പോയത്.

TM160869 - രണ്ട് ദിവസം മുമ്ബ് അവര്‍ കൂട്ടായി മേടിച്ച അതേ ടിക്കറ്റ് തന്നെ. ഭാഗ്യം വരുന്ന ഓരോ വഴിയേ, ആറ് പേര്‍ക്കും ഇതുവരെ അമ്ബരപ്പ് മാറിയിട്ടില്ല. ആദ്യത്തെ ഞെട്ടല്‍ തീര്‍ന്നപ്പോള്‍ ആറ് പേരും കൂടി കൂട്ടത്തോടെ ഒരു ഫോട്ടോയുമെടുത്തു. പിന്നില്‍ ഒപ്പം ലോട്ടറിയുടെ ഒപ്പം ഒരു പടവും!

ചുങ്കത്ത് ജ്വല്ലറിയിലെ സെയില്‍സ്‍മാന്‍മാരായ രാജീവന്‍, രംജിം, റോണി, വിവേക്, സുബിന്‍, രതീഷ് എന്നിവര്‍ക്കാണ് 12 കോടി സമ്മാനമടിച്ചത്. കിട്ടിയ തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് കൂട്ടുകാര്‍. 12 കോടി രൂപയില്‍ നികുതി കിഴിച്ച്‌ ഇവര്‍ക്ക് 7.56 കോടി രൂപ കിട്ടും.

ആലപ്പുഴ കായംകുളം ശ്രീമുരു​ഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്‍മാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. രണ്ടാം സമ്മാനമായ അമ്ബത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി കിട്ടി.