ബ്ലൂ ബ്ലാക്ക്‌മെയിലിംഗ്‌; കൂടുതല്‍ മലയാളികള്‍ തട്ടിപ്പിന് ഇരയായതായി സംശയം



കൊച്ചി: വ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ മലയാളികള്‍ തട്ടിപ്പിന് ഇരയായതായി പൊലീസിന്റെ സംശയം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് സിറ്റി പൊലീസ്. വ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച സ്ത്രീ ഉള്‍പ്പെടെ നാലംഗ സംഘം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ചു പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ് :

ഖത്തറില്‍ വച്ച്‌ മേരി വര്‍ഗീസ് പരാതിക്കാരനായ വ്യവസായിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് മേരി വര്‍ഗീസ് വ്യവസായിയെ ഖത്തറിലെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി.

ഇതറിയാതെ മുറിയിലേക്കു വന്ന വ്യവസായിയുടെ വസ്ത്രങ്ങള്‍ പ്രതികള്‍ ഊരിമാറ്റി. നഗ്നയായ മേരിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീടു നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികള്‍ ചിത്രങ്ങള്‍ അയയ്ക്കുകയും, 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും അറിയിച്ചു.

ഇത്രയും പണം നല്‍കാന്‍ ഇല്ലാതിരുന്ന വ്യവസായി ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചു. ഒടുവില്‍ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എസിപി കെ ലാല്‍ജിക്കു പരാതി നല്‍കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചും താമസ സ്ഥലത്തെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു.

പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്കു കൈമാറി. ഈ ബാങ്ക് വിശദാംശങ്ങള്‍ ഉപയോഗിച്ച്‌ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്ബിലെ എടിഎമ്മില്‍ നിന്നാണു പണം പിന്‍വലിച്ചതെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

ഇതിനിടെ, പ്രതികള്‍ മൊബൈല്‍ ഫോണുകളെല്ലാം ഓഫ് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന രഹസ്യഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്ന പൊലീസ് പ്രതികള്‍ തളിപ്പറമ്ബില്‍ നിന്നു ബംഗളൂരുവിലേക്കു കടന്നതായി കണ്ടെത്തി. ബംഗളൂരുവിലേക്കുള്ള യാത്രയില്‍ മടിക്കേരിയില്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്.