ആശങ്കയൊഴിയാതെ ശാന്തിഗിരിയിലെ കുടുംബങ്ങൾ
വിള്ളൽ വീണ് വീടുതകർന്ന ശാന്തിഗിരിയിലെ മൂന്നു കുടുംബങ്ങൾ കഴിയുന്നത് വാടക വീടുകളിലും ബന്ധുവീടുകളിലുമാണ്. പുനരധിവാസത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ എന്തുചെയ്യണമെന്ന ആശങ്ക ഇവരെ വിട്ടൊഴിയുന്നില്ല. വീടിന് വിള്ളൽ വീണ മൂന്നു കുടുംബങ്ങൾക്കാണ് താമസ യോഗ്യമല്ലാത്ത നിലയിൽ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറേണ്ടിവന്നത്. വർക്കി വരവുകാലായിൽ, ഉപ്പുകുന്നേൽ അബ്രഹാം, ലില്ലി നെടുംചാലിൽ എന്നിവരുടെ കുടുംബങ്ങളാണ് മറ്റുവീടുകളിൽ മാറിത്താമസിക്കുന്നത്.
വീടിന്റെ അടിത്തറയിലൂടെയാണ് വിള്ളൽ. താമസിക്കാൻ ഭയമാണ്. ആടിനെ വളർത്തുന്നതിനാൽ പകൽ വീട്ടിൽ വരും. പറമ്പിലും മറ്റും പണികൾ ചെയ്ത് വൈകുന്നേരത്തോടെ വാടക വീട്ടിലേക്ക് പോകും. വർക്കി പറയുന്നു. മഴയുള്ള ദിവസങ്ങളാണെങ്കിൽ ആടിന് തീറ്റകൊടുക്കാൻ മാത്രമാണ് ഇങ്ങോട്ടുവരിക. വാടക വീട്ടിലേക്ക് അവയെ കൊണ്ടുപോകാനാകില്ല. അദ്ദേഹം പറയുന്നു. 2015 ലാണ് ഇദ്ദേഹം വീടുണ്ടാക്കിയത്. കഴിഞ്ഞ വർഷം ചെറിയ വിള്ളലുണ്ടായെങ്കിലും കാര്യമാക്കിയിരുന്നില്ല. ഈ വർഷം വലിയ വിള്ളലാണുണ്ടായതാണ് ഇവരുടെ വീട് താമസയോഗ്യമല്ലാതാക്കി തീർത്തത്.
ഉപ്പുകുന്നേൽ അബ്രഹാമിന്റെ വീടിന് അടുക്കളയോട് ചേർന്ന് വലിയ വിള്ളവുകളുണ്ടായി ഭിത്തി രണ്ടായ നിലയിലാണുള്ളത്. ഇദ്ദേഹത്തോട് കഴിഞ്ഞ വർഷം തന്നെ മാറിത്താമസിക്കണമെന്ന് അധികൃതർ പറഞ്ഞതാണ്. ഈ വർഷം വിള്ളലുകൾ ശക്തമായി. കന്നുകാലികളുള്ളതിനാൽ വീട് പൂർണ്ണമായും ഉപേക്ഷിച്ചുപോകാനാകാത്ത സ്ഥിതിയാണിവർക്ക്. അബ്രഹാം പറയുന്നതിങ്ങനെ. കൂലിപ്പണിയെടുത്താണ് കഴിയുന്നത്. സ്ഥന്തം സ്ഥലത്തു കൃഷിപോലും ചെയ്യാനാകില്ലാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ വർഷത്തെ സർക്കാർ സഹായത്താൽ വീടുപണിയാനുള്ള ശ്രമം തുടങ്ങി. തറയുടെ പണി പൂർത്തിയാകുന്നതേയുള്ളു.
നെടുംചാലിൽ ലില്ലിയുടെ വീട് തകർന്നത് ഓണത്തിനു രണ്ടുദിവസം മുമ്പുണ്ടായ കനത്ത മഴയിലാണ്. ക്യാമ്പ് പിരിച്ചുവിട്ടതോടെ ബന്ധുവീട്ടിലാണിവർ കഴിയുന്നത്. സ്ഥലത്തിനും വീടിനും വ്യാപക വിള്ളലുണ്ടായ ഇയ്യാലിൽ സ്‌കറിയയും വേറെ വീട്ടിലേക്കു മാറിത്താമസിച്ചിരിക്കുകയാണ്.
ഇടവനത്തടത്തിൽ ലീലാമണിയുടെ വീട് 2003-ൽ തകർന്നിരുന്നു. പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തിയാണ് തൊട്ടടുത്തു തന്നെ വീട് പണിതത.് അതിനും വിള്ളൽ വീണു. അന്ന് രണ്ടുവീടുകൾക്കു മാത്രമേ തകർച്ച നേരിട്ടിരുന്നുള്ളു. പിന്നീട് കഴിഞ്ഞ വർഷമാണ് വ്യാപക വിള്ളലുകളുണ്ടായത്. പഠനം നടത്തിപ്പോയ ജിയോളജി അധികൃതരുടെയും സർക്കാരിന്റെയും നിർദേശത്തിനനുസരിച്ചാണ് ഇവരുടെ ജീവിതം ഇനി തീരുമാനിക്കപ്പെടുക. മാറിത്താമസിക്കണമെന്ന റിപ്പോർട്ടാണ് നൽകുന്നതെങ്കിൽ മാറിത്താമസിക്കാൻ ഇവർ തയ്യാറുമാണ്.
0 Comments